15 February, 2019 08:17:57 PM


തദ്ദേശസ്ഥാപനങ്ങള്‍ നല്‍കുന്ന സേവനങ്ങളില്‍ മേന്മ ഉറപ്പാക്കണം - മന്ത്രി എ.സി.മൊയ്തീന്‍




ഏറ്റുമാനൂര്‍: തദ്ദേശസ്ഥാപനങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങളില്‍ കലര്‍പ്പില്ലെന്ന് ഉറപ്പാക്കണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍. ഏറ്റുമാനൂര്‍ നഗരസഭയുടെ മള്‍ട്ടിപ്ലക്സ് തിയേറ്റര്‍ കം ഷോപ്പിങ് കോംപ്ലക്സിന്‍റെ നിര്‍മ്മാണോദ്ഘടനം  നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മുന്‍സിപ്പാലിറ്റിയില്‍ നിന്നും ലഭ്യമാകുന്ന സേവനങ്ങള്‍ ഉള്‍കൊള്ളിച്ചു രൂപകല്‍പ്പന ചെയ്ത എന്‍റെ ഏറ്റുമാനൂര്‍ ആപ്പിന്‍റെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു. 

പ്രളയത്തിനുശേഷം സര്‍ക്കാര്‍ വന്‍ സാമ്പത്തിക പ്രശ്നങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുകയാണ്. തദ്ദേശസ്ഥാപനങ്ങളുടെ സുഗമമായ നടത്തിപ്പിന് വരുമാന വര്‍ധനയ്ക്കുള്ള പദ്ധതികള്‍ ആവിഷ്കരിക്കേണ്ടതിന്‍റെ ആവശ്യകതയും മന്ത്രി ചൂണ്ടികാട്ടി. കേന്ദ്ര സര്‍ക്കാര്‍ എജന്‍സിയായ വാസ്കോസിനാണ് വ്യാപാരസമുശ്ചയത്തിന്‍റെ നിര്‍മ്മാണച്ചുമതല. കേരളാ അര്‍ബന്‍ റൂറല്‍ ഡെവലപ്പ്മെന്‍റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ നിര്‍മാണത്തിനായി 15 കോടി രൂപ അനുവദിച്ചിട്ടുണ്ട്. നഗരസഭയുടേയും വ്യാപാരികളുടേയും വിഹിതം 12 കോടി രൂപയാണ്. നിര്‍മാണം പൂര്‍ത്തിയായി ഒരു വര്‍ഷം തികയുമ്പോള്‍ മാസതവണകളായി വായ്പാ തിരിച്ചടവ് തുടങ്ങും. 

എം.സി. റോഡിന് അഭിമുഖമായി 14 കടകളും നഗരസഭാ ആസ്ഥാന മന്ദിരത്തിന് അഭിമുഖമായി 14 കടകളും ഇതോടൊപ്പം പണിതീര്‍ക്കും. മൊത്തം 58 കടമുറികളും 240 സീറ്റുകളുള്ള മള്‍ട്ടിപ്ലക്സ് സിനിമാ തീയറ്ററുമാണ് പദ്ധതി. 370 വാഹനങ്ങള്‍ ഒരേ സമയം പാര്‍ക്ക് ചെയ്യാനാകും. 18 മാസംകൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കുകയാണു ലക്ഷ്യം. അഡ്വ. കെ.സുരേഷ് കുറുപ്പ് എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സണ്ണി പാമ്പാടി, കെ.യു.ആര്‍.ഡി.എഫ്.സി. ചെയര്‍മാന്‍ എം.റ്റി. ജോസഫ്, നഗരസഭാ ചെയര്‍മാന്‍ ജോയി ഊന്നുകല്ലേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K