10 January, 2020 10:29:10 AM


ഗാനഗന്ധര്‍വന്‍ യേശുദാസ് എൺപതിന്‍റെ നിറവിൽ; ജന്മദിനാഘോഷം പതിവുപോലെ മൂകാംബികയില്‍
കൊച്ചി: ഗാനഗന്ധര്‍വന്‍ യേശുദാസ്  എൺപതിന്റെ നിറവിൽ. എല്ലാ ജന്മദിനത്തിലെയും പോലെ ഇക്കുറിയും കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലായിരിക്കും യേശുദാസും കുടുംബവും. ഇന്നു പ്രത്യേക പൂജയും വഴിപാടുകളും സംഗീതക്കച്ചേരിയും നടത്തും. 17 നു കൊച്ചിയില്‍ തിരിച്ചെത്തും. ജന്മനാട്ടിലും വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്‌.


ഫോര്‍ട്ടുകൊച്ചിയിലെ തോപ്പുംപടിയില്‍ 1940 ജനുവരി 10ന്‌ ജനനം. സംഗീതജ്‌ഞനും നടനുമായ അഗസ്‌റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റെയും പുത്രന്‍. ചെറുപ്പത്തില്‍ത്തന്നെ സംഗീതത്തോടുള്ള മകന്റെ കമ്പം കണ്ടെത്തിയ പിതാവ്‌ അഗസ്‌റ്റ്യന്‍ ജോസഫായിരുന്നു ആദ്യ ഗുരു. കര്‍ണാടക സംഗീതത്തിന്റെ ആദ്യ പാഠങ്ങള്‍ 5-ാം വയസ്സില്‍ തന്നെ ഗുരു കുഞ്ഞന്‍വേലു ആശാനില്‍ നിന്നും ഹൃദ്യസ്‌ഥമാക്കി. കുത്തിയതോട്‌ ശിവരാമന്‍ നായര്‍, പള്ളുരുത്തി രാമന്‍ ഭാഗവതര്‍, ജോസഫ്‌ തുടങ്ങിയവും ആദ്യകാല ഗുരുക്കന്‍മാരാണ്‌.


പള്ളുരുത്തി സെന്റ്‌ സെബാസ്‌റ്റ്യന്‍സ്‌ ഹൈസ്‌കൂളില്‍ നിന്ന്‌ എസ്‌.എസ്‌.എല്‍സി പാസായ ശേഷം തൃപ്പൂണിത്തറ രാധാ- ലക്ഷ്‌മി വിലാസം സംഗീത കോളേജില്‍ ചേര്‍ന്നു. 1960 ല്‍ ഒന്നാം റാങ്കോടെ ഗാനഭൂഷണം കോഴ്‌സ് പാസ്സായി. തുടര്‍ന്ന്‌ തിരുവനന്തപുരം സ്വാതിതിരുന്നാള്‍ സംഗീതകോളേജിലും പഠിച്ചു. പിന്നീട്‌ വിഖ്യാത സംഗീതജ്‌ഞനായ ചെമ്പൈ വൈദ്യനാഥഭാഗവതരുടെ കീഴില്‍ പ്രത്യേക സംഗീത പഠനം. തൃപ്പൂണിത്തുറ ആര്‍.എല്‍.വി. കോളേജില്‍ പഠിക്കുന്ന കാലത്താണ്‌ സിനിമയില്‍ പാടാനുള്ള അവസരം തേടിയെത്തുന്നത്‌.


1961 നവംബര്‍ 14. മദ്രാസിലെ ഭരണി സ്‌റ്റുഡിയോയില്‍ കാല്‌പാടുകള്‍ എന്ന ചിത്രത്തിനു വേണ്ടി ശ്രീനാരായണ ഗുരുദേവന്‍ എഴുതിയ 'ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്‌ഥാനമാണിത്‌' എന്ന ശ്ലോകം ആലപിച്ച ദിവസം. തുടര്‍ന്നിങ്ങോട്ട്‌ മലയാളം, തമിഴ്‌, കന്നഡ, തെലുങ്ക്‌, ഹിന്ദി, ബംഗാളി, ഗുജറാത്തി, ഒറിയ, മറാത്തി, പഞ്ചാബി, സംസ്‌കൃതം, തുളു, റഷ്യന്‍, അറബിക്‌, ലാറ്റിന്‍, ഇംഗ്ലീഷ്‌ എന്നീ ഭാഷകളിലായി എണ്ണിയാലൊടുങ്ങാത്ത ഗാനങ്ങള്‍ ആ ഘനഭംഗീരമായ ശബ്‌ദത്തിലൂടെ നാം കേട്ടു. 


ഏഴു ദേശീയ അവാര്‍ഡുകള്‍, 23 സംസ്‌ഥാന അവാര്‍ഡുകള്‍. 1973ല്‍ പത്മശ്രീയും 2002ല്‍ പത്മഭൂഷനും നല്‍കി രാഷ്‌ട്രം ആദരിച്ചു. സര്‍വ്വകലാശാലകള്‍ ഡോക്‌ടറേറ്റും സംസ്‌ഥാന സര്‍ക്കാര്‍ ആസ്‌ഥാന ഗായക പട്ടവും നല്‍കി. ഏഴു തവണ ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്‌ ലഭിച്ചു. ഏറ്റവും കൂടുതല്‍ പ്രാവശ്യം ഇന്‍ഡ്യന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ യാത്രചെയ്‌തതിനുള്ള പ്രത്യേക സമ്മാനവും യേശുദാസിന്‌ ലഭിച്ചു. എണ്ണിയാല്‍ തീരാത്ത ബഹുമതികള്‍ വേറെയും.


ഹര്‍ഷബാഷ്‌പം, കതിര്‍മണ്ഡപം, അച്ചാണി, അനാര്‍ക്കലി, കായംകുളംകൊച്ചുണ്ണി, ബോയ്‌ഫ്രണ്ട്‌ എന്നീ ചിത്രങ്ങളില്‍ അദ്ദേഹം പാടി അഭിനയിച്ചു. അഴകുള്ള സെലീന, പൂച്ചസന്യാസി, താറാവ്‌, തീക്കനല്‍, സഞ്ചാരി തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങള്‍ക്ക്‌ ഈണം പകര്‍ന്നു. തിരുവനന്തപുരത്ത്‌ ഇടപ്പഴഞ്ഞിയില്‍ യേശുദാസ്‌ സ്‌ഥാപിച്ച തരംഗനിസരി മ്യൂസിക്‌ സ്‌കൂളില്‍ സംഗീതാഭിരുചിയുള്ള സാധു കുട്ടികളെ സൗജന്യമായി സംഗീതം പഠിപ്പിക്കുന്നു.Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K