05 March, 2021 03:52:27 PM


താണ്ഡവ് വിവാദം; ആമസോണ്‍ പ്രൈം ഇന്ത്യ മേധാവിയുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി



ദില്ലി: താണ്ഡവ് വിവാദത്തില്‍ ഉള്‍പ്പെട്ട ആമസോണ്‍ പ്രൈം വീഡിയോ ഇന്ത്യ മേധാവി അപര്‍ണ പുരോഹിതിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം സുപ്രീംകോടതി തടഞ്ഞു. ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്ന പേരില്‍ ഇന്ത്യന്‍ വെബ് സീരീസായ താണ്ഡവ് സംപ്രേഷണം ചെയ്ത കേസില്‍ അനുപമ പുരോഹിതിനെ അറസ്റ്റ് ചെയ്യുന്നതില്‍ കോടതി ഇടക്കാല വിലക്കേര്‍പ്പെടുത്തുകയായിരുന്നു.


താണ്ഡവ് കേസില്‍ അനുപമക്ക് ജാമ്യം നിഷേധിച്ചുള്ള ഫെബ്രുവരി 25 ലെ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീലിലായിരുന്നു കോടതി വിധി. പുതിയ ഒ.ടി.ടി മാര്‍ഗനിര്‍ദേശങ്ങള്‍ പല്ലിന് മൂര്‍ച്ചയില്ലാത്തവയാണെന്നും, വിചാരണക്കോ ശിക്ഷിക്കുന്നതിനൊ അവ പര്യാപ്തമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് അശോക് ഭൂഷണ്‍, ആര്‍.എസ് റെഡി എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് വിധി. 


താണ്ഡവ് കേസില്‍ വാദം കേള്‍ക്കുന്നതിനിടെ, ഒ.ടി.ടികളില്‍ പോണ്‍ രംഗങ്ങള്‍ പോലും കാണിക്കാറുണ്ടെന്നും ഇത് നിയന്ത്രിക്കാന്‍ നടപടി കൈക്കൊള്ളണമെന്നും വ്യാഴാഴ്ച്ച കോടതി നിരീക്ഷിച്ചിരുന്നു. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കുന്നതിന് യോജിച്ച നടപടി സ്വീകരിക്കുമെന്നും, അവ കോടതിക്ക് മുന്നില്‍ സമര്‍പ്പിക്കാമെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയെ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K