04 July, 2022 07:30:39 AM


മഹാത്മാഗാന്ധി സർവ്വകലാശാലയിൽ പി.എച്ച്.ഡി. രജിസ്‌ട്രേഷൻ: അപേക്ഷ 31 വരെ



കോട്ടയം : മഹാത്മാഗാന്ധി സർവ്വകലാശാലക്ക് കീഴിലുള്ള വിവിധ പഠന വകുപ്പുകളിലും ഇന്റർ യൂണിവേഴ്‌സിറ്റി / ഇന്റർസ്‌കൂൾ സെന്ററുകളിലും അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിലും സർക്കാർ-എയ്ഡഡ് കോളേജുകളിലും നടക്കുന്ന പി.എച്ച.ഡി. ഗവേഷണത്തിന് അർഹരായവരെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രവേശന പരീക്ഷക്ക് ജൂലൈ 31 വരെ അപേക്ഷിക്കാം.

ബന്ധപ്പെട്ട വിഷയങ്ങളിൽ 55 ശതമാനം മാർക്കോടെയുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. നാല് വർഷത്തിലധികം ദൈർഘ്യേമുള്ള എം.ബി.ബി.എസ്., ബി.എ.എം.എസ്., ബി.എച്ച്.എം.എസ്., ബി.ഡി.എസ്., ബി.വി.എസ്.സി., ബി.ടെക്ക് തുടങ്ങിയ പ്രൊഫഷണൽ യോഗ്യതയുള്ളവർക്കും നിശ്ചിത ശതമാനം മാർക്ക് ഉണ്ടെങ്കിൽ അപേക്ഷിക്കാം.  ചുരുങ്ങിയത് 55 ശതമാനം മാർക്കോടെ ബി.എ., ഐ.സി.ഡ.ബ്ല്യൂ.എ., എ.സി.എസ്. യോഗ്യത നേടിയവർക്കും അനുബന്ധ മേഖലകളിൽ ഗവേഷണത്തിനായി പ്രവേശന പരീക്ഷ എഴുതാം.

എസ്.സി., എസ്.ടി., ഒ.ബി.സി., ഒ.ഇ.സി., ഭിന്നശേഷി വിഭാഗക്കാർ 1991 സെപ്തംബർ 19 ന് മുമ്പ് ബിരുദാനന്തര ബിരുദം എടുത്തിട്ടുള്ളവർ എന്നിവർക്കും യു.ജി.സി. പ്രത്യേകമായി ഇളവുകൾ അനുവദിച്ചിട്ടുള്ളവർക്കും യോഗ്യതാ മാർക്കിൽ അഞ്ച് ശതമാനത്തിന്റെ ഇളവ് അനുവദിച്ചിട്ടുണ്ട്.

പ്രവേശന പരീക്ഷയിൽ ഇളവ് അനുവദിച്ചിട്ടുള്ള വിഭാഗങ്ങളിൽപ്പെട്ടവർക്കും കഴിഞ്ഞ വർഷത്തെ പ്രവേശന പരീക്ഷയിൽ യോഗ്യത നേടി അവസരത്തിനായി കാത്ത് നിൽക്കുന്നവർക്കും നേരിട്ട് രജിസ്‌ട്രേഷന് അപേക്ഷിക്കാവുന്നതാണ്.  ഈ വിഭാഗത്തിൽപ്പെട്ടവർ ബന്ധപ്പെട്ട രേഖകൾ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാക്കണം.  പിന്നാക്ക വിഭാഗത്തിൽപ്പെട്ടവർ സംവരണത്തിനായി നോൺ-ക്രീമിലെയർ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.

താത്പര്യമുള്ളവർ അപേക്ഷയും അനുബന്ധ രേഖകളും 'research@mgu.ac.in' എന്ന ഇ-മെയിൽ വിലാസത്തിൽ ജൂലൈ 31 നകം സമർപ്പിക്കണം.  അപേക്ഷയുടെയും അനുബന്ധരേഖകളുടെയും പ്രിന്റ് ഔട്ട് 'ഡെപ്യൂട്ടി രജിസ്ട്രാർ (അക്കാദമിക്), മഹാത്മാഗാന്ധി സർവ്വകലാശാല, പ്രിയദർശിനി ഹിൽസ്, കോട്ടയം - 686560' എന്ന വിലാസത്തിൽ ആഗസ്ത് 15 ന് മുമ്പ് ലഭ്യമാക്കുകയും വേണം.

പി.എച്ച്.ഡി. രജിസ്‌ട്രേഷന് ജനറൽ വിഭാഗത്തിന് 1050 രൂപയും എസ്.സി. / എസ്.ടി. വിഭാഗങ്ങളിൽപ്പെട്ടവർക്ക് 790 രൂപയും വിദേശത്ത് നിന്നുള്ള വിദ്യാർത്ഥികൾക്ക് 3150 രൂപയുമാണ് ഫീസ് നിരക്ക്. അത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ 'http://research.mgu.ac.in'  എന്ന പോർട്ടലിലും 'research@mgu.ac.in' എന്ന ഇ-മെയിൽ വിലാസത്തിലും 0481 - 2733571, 2733585, 2733586, 2733588 എന്നീ ഫോൺ നമ്പറുകളിലും ലഭിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K