30 August, 2022 07:31:22 PM
അമല പോളിനെ വഞ്ചിച്ചെന്ന് പരാതി; മുൻ കാമുകനും ഗായകനുമായ ഭവ്നിന്ദർ സിംഗ് അറസ്റ്റിൽ

ചെന്നൈ: അമല പോളിന്‍റെ പരാതിയിൽ മുൻ കാമുകനും ഗായകനുമായ ഭവ്നിന്ദർ സിംഗ് അറസ്റ്റിൽ. പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്ന നടിയുടെ പരാതിയിലാണ് നടപടി. തന്നെ വഞ്ചിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാണിച്ച് വില്ലുപുരം ജില്ലാ ക്രൈം ബ്രാഞ്ച് പൊലീസിനാണ് അമല പരാതി നൽകിയത്. സാമ്പത്തികമായും മാനസികമായും ബുദ്ധിമുട്ടിച്ചു എന്ന് അമല പോൾ നൽകിയ പരാതിയിൽ പറയുന്നു. 
2020ൽ ഇയാൾക്കെതിരെ അമല ചെന്നൈ ഹൈക്കോടതിയിൽ മാനനഷ്ട കേസ് ഫയൽ ചെയ്തിരുന്നു. ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ വിവാഹിതരായെന്ന വ്യാജേന ഭവ്നിന്ദർ പ്രചരിപ്പിക്കുകയും മാനസികമായി പീഡിപ്പിച്ചെന്നുമായിരുന്നു പരാതി. 2020 മാർച്ചിലാണ് പരമ്പരാഗത രാജസ്ഥാനി വധൂവരന്മാരുടെ വേഷത്തിൽ ഇരുവരും നിൽക്കുന്ന ചിത്രം ഭവ്നിന്ദർ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്.ഇതോടെ ചിത്രങ്ങൾ ഫോട്ടോഷൂട്ട് ആയിരുന്നു എന്ന് അമല വിശദീകരിച്ചു. തൊട്ടുപിന്നാലെ ഭവ്നിന്ദര്‍ ചിത്രങ്ങൾ നീക്കം ചെയ്യുകയായിരുന്നു. 

2018-ൽ അമലയും ഭവ്നിന്ദറും ചേർന്ന് ഒരു പ്രൊഡക്ഷൻ കമ്പനി രൂപീകരിച്ചിരുന്നു. കുറച്ചുകാലങ്ങൾക്കു ശേഷം ഇവർ പിരിയുകയും ചെയ്തു. ഈ സ്ഥാപനവുമായി ബന്ധപ്പെട്ട ഫണ്ടുകളും മറ്റും ഭവ്നിന്ദർ ദുരുപയോഗം ചെയ്തെന്നും അത് തന്നെ സാമ്പത്തിക സമ്മർദ്ദത്തിലാക്കിയെന്നും അമല പരാതിയിൽ പറയുന്നു. ഈ നിർമാണ കമ്പനിയുടെ ബാനറിലാണ് നടി തന്റെ ഏറ്റവും പുതിയ ചിത്രമായ 'കഡാവർ' നിർമിച്ചത്. 
2014ൽ സംവിധായകൻ എഎൽ വിജയ്‌യെ വിവാഹം കഴിച്ച അമല 2017ൽ വിവാഹമോചിത ആയിരുന്നു. ഇതിനു ശേഷമാണ് ഭവ്നിന്ദറുമായി പ്രണയത്തിലാവുന്നത്. അമല പോളിനെ വ്യാജരേഖ ചമച്ച് കമ്പനിയുടെ ഡയറക്‌ടർ സ്ഥാനത്തുനിന്നും നീക്കി ഭവ്നിന്ദർ വഞ്ചിച്ചതായി പോലീസ് പറഞ്ഞു.നടി നൽകിയ പരാതിയെ തുടർന്ന് വില്ലുപുരം പോലീസ് വ്യാജരേഖ ചമയ്ക്കൽ, ഭീഷണിപ്പെടുത്തൽ, ഉപദ്രവിക്കൽ തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരമാണ് മുൻകാമുകനെ കേസെടുത്ത് അറസ്റ്റ് ചെയ്തത്.
                    
                                
                                        



