21 November, 2022 01:07:21 PM


യേശുദാസ് വിദേശത്ത്; സൂര്യ ഫെസ്റ്റിവലിലെ കച്ചേരി അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചു



തിരുവനന്തപുരം: തിരുവനന്തപുരം കേന്ദ്രമാക്കി സൂര്യ കൃഷ്ണമൂര്‍ത്തിയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും നടക്കുന്ന സൂര്യ ഫെസ്റ്റിവലില്‍ ഗായകന്‍ കെ.ജെ. യേശുദാസിന്റെ സംഗീതക്കച്ചേരി അനിശ്ചിതമായി മാറ്റിവച്ചു. ഫെസ്റ്റിവലിന്റെ മുഖമുദ്രയാണ് യേശുദാസിന്റെ കച്ചേരി. 2018 വരെ അദ്ദേഹം 42 വര്‍ഷം മുടങ്ങാതെ സൂര്യക്ക് വേണ്ടി കച്ചേരി അവതരിപ്പിച്ചിരുന്നു. യേശുദാസ് കഴിഞ്ഞ മൂന്നു വര്‍ഷമായി യു.എസ്.എയിലാണെന്നും, കോവിഡ് ആരംഭിച്ചതില്‍പ്പിനെ നാട്ടിലേക്ക് യാത്രചെയ്തിട്ടില്ലെന്നും സൂര്യയുടെ ഔദ്യോഗിക കുറിപ്പില്‍ പറഞ്ഞു.


കോവിഡ് പാന്‍ഡെമിക് ആരംഭിച്ചതില്പിന്നെ രണ്ടു വര്‍ഷം ഓണ്‍ലൈന്‍ ആയി അദ്ദേഹം കച്ചേരി അവതരിപ്പിച്ചിരുന്നു.  കോവിഡ് സാഹചര്യം പൂര്‍ണമായും ഒഴിയാത്തതിനാല്‍, അമേരിക്കയില്‍ നിന്നും ഇന്ത്യയിലേക്ക് ഇത്രയും ദൂരം യാത്ര ചെയ്യാന്‍ അദ്ദേഹം തീരുമാനിച്ചിട്ടില്ല. നവംബര്‍ അവസാനത്തോട് കൂടി എത്തി സൂര്യ ഫെസ്റ്റിവലിലും ചെന്നൈയിലെ മാര്‍ഗഴി ഫെസ്റ്റിവലിലും പങ്കെടുക്കാന്‍ പ്ലാന്‍ ഉണ്ടായിരുന്നു. യേശുദാസിന്റെ തീരുമാനം മുന്‍നിര്‍ത്തി, അദ്ദേഹം നാട്ടില്‍ എത്തുന്ന മുറയ്ക്ക് പരിപാടി സംഘടിപ്പിക്കാന്‍ സാധ്യതയുള്ളതായി സൂര്യയുടെ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.

തിരുവനന്തപുരത്ത് ആരംഭിച്ച 111 ദിവസത്തെ കലാ-സാംസ്കാരിക ഉത്സവമായ സൂര്യ ഫെസ്റ്റിവലിന്റെ 45-ാമത് എഡിഷനില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖ ഗായകരും നര്‍ത്തകരും ഉള്‍പ്പെടെ 1,000 കലാകാരന്മാര്‍ പങ്കെടുക്കും. രണ്ട് വര്‍ഷത്തെ കോവിഡ് ഇടവേളയ്ക്ക് ശേഷം ആദ്യമായി പരിപാടികള്‍ ഓഫ്‌ലൈനില്‍ നടത്തും. സൂര്യ ഗണേശം തിയേറ്ററിലും എകെജി ഹാളിലുമാണ് പരിപാടി. നൃത്ത-സംഗീത പ്രകടനങ്ങള്‍, തിയേറ്റര്‍ ഫെസ്റ്റുകള്‍, ഫിലിം ഫെസ്റ്റിവലുകള്‍, ഹിന്ദുസ്ഥാനി കച്ചേരികള്‍, പരമ്ബരാഗത കലാപരിപാടികള്‍, മോഹിനിയാട്ടം, രാമായണ ഉത്സവങ്ങള്‍, പെയിന്റിംഗ്, ഫോട്ടോ പ്രദര്‍ശനങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ പരിപാടികള്‍ വാര്‍ഷിക പരിപാടിയില്‍ അവതരിപ്പിക്കും.


2023 ജനുവരി 21 ന് നടി മഞ്ജു വാര്യരുടെ കുച്ചിപ്പുടി അവതരണത്തോടെയാണ് സമാപന ആഘോഷങ്ങള്‍ നടക്കുന്നത്. ഡാന്‍സ് ഫെസ്റ്റിവലില്‍ ശോഭന, മഞ്ജു വാര്യര്‍, ആശാ ശരത്, പ്രിയദര്‍ശിനി ഗോവിന്ദ്, മീനാക്ഷി ശ്രീനിവാസന്‍, രമാ വൈദ്യനാഥന്‍, ജാനകി രംഗ രാജന്‍, നവ്യ നായര്‍, പത്മപ്രിയ, സുനന്ദ നായര്‍, തിരുവനന്തപുരം കൃഷ്ണകുമാര്‍, ബിന്നി കൃഷ്ണകുമാര്‍, ഷര്‍മിള മുഖര്‍ജിയുടെ ഒഡീസി ടീം, മധുമിതാ റോയിയുടെ കഥക് ടീം എന്നിവര്‍ പങ്കാളികളാണ്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K