01 January, 2023 09:20:38 PM


ഒരു സമുദായത്തിന് മാത്രമായി ആർഎസ്എസിനെ ചെറുക്കാന്‍ പറ്റില്ല; ലീഗിനെതിരെ മുഖ്യമന്ത്രി



കോഴിക്കോട്: പി.കെ.കുഞ്ഞാലിക്കുട്ടിയെ വേദിയിലിരുത്തി ലീഗ് നേതാക്കൾക്ക് വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മുജാഹിദ് വേദിയിൽ സിപിഎമ്മിനെ വിമർശിച്ചത് ശരിയായില്ലെന്നും ഒരു സമുദായത്തിന് മാത്രമായി ആർഎസ്എസിനെ ചെറുക്കാനാകുമെന്ന് കരുതരുതെന്നും പിണറായി വിജയൻ തുറന്നടിച്ചു. തീവ്ര ചിന്താഗതി സമുദായത്തിന് തന്നെ അപകടമാകും. ആർഎസ്എസിനെ ചെറുക്കാൻ മതേതര കക്ഷികൾ ഒന്നിക്കുകയാണ് വേണ്ടത്.

കെഎൻഎം വേദിയിൽ പി.കെ ബഷീറും പി.കെ ഫിറോസും സിപിഎമ്മിനെതിരെ വിമർശനം ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പിണറായിയുടെ മറുപടി.  പി.കെ കുഞ്ഞാലിക്കുട്ടി വേദിയിൽ ഇരിക്കെയാണ് മുഖ്യമന്ത്രിയുടെ വിമർശനം. നാടിന്റെ ശാന്തിയും സമാധാനവും സംരക്ഷിക്കാന്‍ മതനിരപേക്ഷത സംരക്ഷിക്കപ്പെടണം. മതനിരപേക്ഷത സംരക്ഷിക്കാന്‍ മതരാഷ്ട്രവാദികളെ അകറ്റിനിര്‍ത്തേണ്ടതുണ്ട്. രാജ്യത്ത് വല്ലാത്തൊരു ആശങ്കയും ഭയപ്പാടും ഓരോ ദിവസവും കഴിയുന്തോറും ന്യൂനപക്ഷ വിഭാഗങ്ങളില്‍ ശക്തിപ്പെട്ടുവരുന്ന അവസ്ഥ നാം കാണുന്നു.

നമ്മുടെ രാജ്യത്തെ കേന്ദ്രസ്ഥാനങ്ങളില്‍ ഇരിക്കുന്നവരുടെ തന്നെ ഇടപെടലുകളാണ് ഇതിന് ഇടയാക്കുന്നത്. ജനങ്ങളുടെ ഐക്യത്തെ ഭിന്നിപ്പിക്കുന്നതിനുവേണ്ടി നിലപാടെടുത്ത സംഘടനകള്‍ വര്‍ഗീയമായി ആളുകളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തിന്റെ പല ഭാഗങ്ങളിൽ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെട്ടു. എതിർക്കേണ്ടവരെ എതിർക്കണം അവിടെ നിശബ്ദത പാടില്ല.  തെറ്റായ വാദഗതികൾ ഈ സമ്മേളനത്തിൽ തന്നെ ഉയർന്നു. മതനിരപേക്ഷത കൊണ്ടു മാത്രമേ ഫാസിസത്തെ നേരിടാനാവൂ. ഓങ്ങി നിൽക്കുന്ന മഴുവിന് കീഴിൽ കഴുത്ത് കാണിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭിന്നത മാറ്റിവച്ച് ഒന്നിക്കുകയാണ് വേണ്ടത്. വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം വേണം.സംഘപരിവാർ ആശയങ്ങൾ ഭരണതലത്തിൽ നടപ്പാക്കുന്നത് കാണാതിരിക്കരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K