10 March, 2023 09:21:03 PM
വിജേഷ് പിള്ള തന്നെയും തട്ടിപ്പിന് ഇരയാക്കിയെന്ന് സംവിധായകന്‍ മനോജ് കാന
കോഴിക്കോട്: വിജേഷ് പിള്ള തന്നെയും തട്ടിപ്പിന് ഇരയാക്കിയെന്ന് സംവിധായകന്‍ മനോജ് കാന. ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ നേടിയ 'കെഞ്ചിറ' സിനിമ ഒടിടി യിലൂടെ പ്രദര്‍ശിപ്പിക്കാമെന്ന് പറഞ്ഞു കബളിപ്പിച്ചുവെന്നും മനോജ് കാന പറയുന്നു.
ഒടിടിക്കാര്‍ സാധാരണ സിനിമയുടെ അവകാശം സ്വന്തമാക്കുന്നത് മൊത്തം തുകയ്‍ക്കാണ്. രണ്ടാമത്തെ രീതി അത് പ്രദര്‍ശിപ്പിച്ച് കിട്ടുന്ന വരുമാനം ഷെയര്‍ ചെയ്യുകയാണ്. വലിയ അന്താരാഷ്ട്ര സങ്കേതിക വിദ്യയോടെയാണ് തന്‍റെ പ്ലാറ്റ് ഫോം എന്നാണ് വിജേഷ് പിള്ള പറഞ്ഞിരുന്നത്. ഇതെല്ലാം വിശ്വസിച്ചാണ് അയാള്‍ക്ക് പടം നല്‍കിയത്. എന്നാല്‍ അയാളുടെ അവകാശവാദം തീര്‍ത്തും പൊള്ളയാണെന്ന് പിന്നീട് മനസിലായി. ഒരു ഒടിടി പ്ലാറ്റ്ഫോമിന്‍റെ അടിസ്ഥാന കാര്യം പോലും അയാളുടെ അടുത്ത് ഇല്ലായിരുന്നു. എത്ര പേര്‍ കണ്ടു എന്നത് അറിയാന്‍ അയാള്‍ കാണിച്ച ഡാഷ് ബോര്‍ഡ് അടക്കം തട്ടിപ്പായിരുന്നു.
2020 ലാണ് ഈ സംഭവങ്ങള്‍ നടക്കുന്നത്. അന്ന് ഇതെല്ലാം പത്ര സമ്മേളനത്തില്‍ പറഞ്ഞിരുന്നെങ്കിലും വലിയ വാര്‍ത്തയായില്ല. ഇപ്പോള്‍ ഇയാള്‍ ഇങ്ങനെ വിവാദത്തിലായപ്പോള്‍ വീണ്ടും പറയുകയാണ്. ഒരിക്കല്‍ ഒരു ഒടിടിക്ക് നല്‍കിയ ചിത്രം ആയതിനാല്‍ 'കെഞ്ചിറ' പിന്നീട് ആരും വാങ്ങിയുമില്ല. ഇതിനെതിരെ ഹൈക്കോടതി വഴി വിജേഷ് പിള്ളയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചെങ്കിലും അയാള്‍ പ്രതികരിച്ചില്ല. പിന്നീട് സാമ്ബത്തിക ബാധ്യതയും മറ്റും ആലോചിച്ച് കൂടുതല്‍ നിയമ നടപടിയിലേക്ക് പോയില്ലെന്നും മനോജ് കാന പറയുന്നു.