13 March, 2023 10:16:14 AM


ഞാൻ വളർന്നത്'കാർപെന്‍റിന്‍റെ സംഗീതം കേട്ട് ; ഓസ്കർ ഏറ്റുവാങ്ങി കീരവാണി



ലോസ് ഏഞ്ചല്‍സ്സ്: ഓസ്കർ എന്ന വലിയ നേട്ടം കൈവരിച്ച 'സ്ലം ഡോഗ് മില്യനെയറിലെ' ജയ് ഹോയ്‌ക്കു ശേഷം വീണ്ടും ഒരു ഇന്ത്യൻ ഗാനത്തിന് പുരസ്‌കാരം ലഭിക്കുന്നത് നീണ്ട 14 വർഷത്തെ കാത്തിരിപ്പിനു ശേഷം. എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത RRRൽ എം.എം. കീരവാണിയുടെ സംഗീതവും, ചദ്രബോസിന്‍റെ വരികളും, രാഹുൽ സിപിലിഗഞ്ചും കാലഭൈരവയും നൽകിയ ശബ്ദവും, ഒപ്പം രാം ചരണും ജൂനിയർ എൻ.ടി.ആറും സമ്മാനിച്ച ചടുലമായ ചുവടുകളും ചേർന്ന ഗാനത്തിന് ഒട്ടേറെ ആരാധകരുമുണ്ട്.


മികച്ച ഒറിജിനൽ ഗാനത്തിനാണ് പുരസ്‌കാരം.


കീരവാണിയാണ് ഓസ്കർ പുരസ്‌കാരം ഏറ്റുവാങ്ങിയതും. 'കാർപെന്‍റിന്‍റെ സംഗീതം കേട്ട് വളർന്ന ഞാനിതാ ഓസ്കറുമായി. എന്‍റെ മനസ്സിൽ ഒരാഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഓരോ ഭാരതീയന്‍റെയും അഭിമാനമായി RRR വിജയിക്കണം, അതെന്നെ ലോകത്തിന്‍റെ നെറുകയിലെത്തിക്കണം' അദ്ദേഹം പറഞ്ഞു.


RRRൽ ബ്രിട്ടീഷ് ഗവർണറെ വെല്ലുവിളിക്കുന്ന രണ്ട് ഇന്ത്യൻ വിപ്ലവകാരികളുടെ രംഗത്തിലാണ് ഗാനം പ്രത്യക്ഷപ്പെടുന്നത്. മത്സരിച്ചു നൃത്തം ചെയ്താണ് അവർ ആ വെല്ലുവിളി സ്വീകരിച്ചത്.


പ്രേം രക്ഷിത്ത് ആണ് ഇതിലെ ചടുല നൃത്തരംഗങ്ങൾ കൊറിയോഗ്രാഫി ചെയ്തത്. 'സാധ്യമല്ലെന്ന് തോന്നിയെങ്കിലും രാജമൗലി സാറിന്‍റെ കഠിനാധ്വാനം കൊണ്ടാണ് യഥാർത്ഥത്തിൽ അത് സംഭവിച്ചത്. ഞാൻ വളരെ സന്തോഷവാനാണ്. ജൂനിയർ എൻടിആർ, ചരൺ സാർ എന്നീ രണ്ട് നായകന്മാർ കാരണമാണ് ഇതെല്ലാം സംഭവിച്ചത്. ഇരുവരും നല്ല നർത്തകരാണ്. എല്ലാത്തിലുമുപരിയായി കീരവാണി സാറിന്‍റെ സംഗീതം,' എന്നായിരുന്നു കൊറിയോഗ്രാഫറുടെ പ്രതികരണം.


ഗാനവും അതിന്‍റെ ഹുക്ക് സ്റ്റെപ്പുകളും കൊറിയോഗ്രാഫി ചെയ്ത രക്ഷിത്ത് ഗോൾഡൻ ഗ്ലോബ്സ് പുരസ്‌കാരം ലഭിച്ച വേളയിൽ സന്തോഷമടക്കാനാവാതെ ഒന്നര മണിക്കൂർ ടോയ്‌ലെറ്റിൽ ചെന്ന് കരഞ്ഞു തീർക്കുകയായിരുന്നു. ഗാനം എന്താവണം, എങ്ങനെയാവണം എന്നതിനെക്കുറിച്ചെല്ലാം രാജമൗലി രൂപരേഖ നൽകിയിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഓസ്കർ നിറവിനെക്കുറിച്ച് അദ്ദേഹം എങ്ങനെ പ്രതികരിക്കും എന്നറിയേണ്ടിയിരിക്കുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K