17 March, 2023 04:49:49 PM


ജോജുവിന്‍റെ 'ഇരട്ട': ഡിജിറ്റൽ റിലീസിന് ശേഷം ആഗോളതലത്തിൽ തരംഗമാകുന്നുകൊച്ചി: വിനോദ്, പ്രമോദ് എന്നീ ഇരട്ട സഹോദരന്മാരായി ജോജു ജോർജ് വേഷത്തിലെത്തിയ 'ഇരട്ട' തിയേറ്റർ റിലീസിന് ശേഷം ഒടിടിയിലും തരംഗമായി മുന്നേറുന്നു.  ഓൺലൈൻ പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തത് മുതൽ വിദേശ രാജ്യങ്ങളിലും ടോപ് ടെൻ ലിസ്റ്റിൽ തുടരുകയാണ്, ഇമോഷനൽ ത്രില്ലർ ചിത്രമായ 'ഇരട്ട'. മലയാളത്തിൽ പുറത്തിറങ്ങിയ ചിത്രം ഒടിടി റിലീസ് ചെയ്തതോടെ പാൻ ഇന്ത്യൻ പ്രേക്ഷകരെ ഒന്നടങ്കം ആകർഷിച്ചിരിക്കുകയാണ്.


കേരളവും ഇന്ത്യയും കടന്ന് വിദേശരാജ്യങ്ങളിലടക്കം ജനപ്രീതി നേടിയിരിക്കുകയാണ് ചിത്രമിപ്പോൾ. നെറ്റ്ഫ്ലിക്സ് ഇന്ത്യയിൽ ടോപ് 2വിൽ തുടരുന്ന 'ഇരട്ട' ശ്രീലങ്കയിൽ ടോപ് ത്രീയും ബംഗ്ലാദേശിലും ജിസിസിയിലും ടോപ് ഫോറുമായി തുടരുകയാണ്. സിംഗപ്പൂരിൽ ടോപ് സെവനും മാലി ദ്വീപിൽ എട്ടാമതും മലേഷ്യയിൽ പത്താമതുമാണ്. ഇത് മലയാളികൾക്ക് അഭിമാനം കൊള്ളാവുന്ന ഒരു കാര്യമാണ്.


ബോളിവുഡിൽ നിന്നും തെന്നിന്ത്യയിൽ നിന്നുള്ള സിനിമാപ്രവർത്തകർ സിനിമ കണ്ട ശേഷം ജോജുവിനെ നേരിട്ട് വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. മാത്രവുമല്ല സിനിമയുടെ അന്യഭാഷ റീമേക്കുകളും പല ഭാഷകളിൽ വിറ്റുപോയിട്ടുണ്ട്. 'ഇരട്ട'യിലെ ജോജുവിന്‍റെ അസാമാന്യ പ്രകടനം പ്രേക്ഷകരെ ആവേശഭരിതമാക്കുന്നുണ്ട്. ജോജുവിന്‍റെ ഗംഭീര പ്രകടനത്തോടൊപ്പം പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന സീനുകളും അപ്രതീക്ഷിക ട്വിസ്റ്റും ക്ലൈമാക്സുമാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്.


പ്രേക്ഷകർ ഇതുവരെ കണ്ട് പരിചയിച്ച പൊലീസ് സ്റ്റോറിയോ പൊലീസ് സ്റ്റേഷനോ അല്ല ചിത്രത്തിലുള്ളത് എന്നതാണ് മറ്റൊരു സവിശേഷത. ഏകാന്തതയുടെ നെരിപ്പോട് ഉള്ളിൽ പേറി അസാന്മാർഗിക പാതയിലൂടെ സഞ്ചരിക്കുന്ന ഒരുവനും നന്മയും സ്നേഹവുമുള്ള സന്മാർഗിയായ ഒരുവന്‍റെ മനോവിക്ഷോഭങ്ങളും പക്വതയോടെയും തന്മയത്തത്തോടെയും അവതരിപ്പിച്ചതിലൂടെ പാൻ ഇന്ത്യൻ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയിരിക്കുകയാണ് ജോജു ജോർജ് എന്ന നടൻ. നവാഗതനായ രോഹിത് എം.ജി. കൃഷ്‍ണൻ സംവിധാനം ചെയ്ത ഈ ചിത്രം ഫെബ്രുവരി 3നാണ് തിയേറ്റർ റിലീസ് ചെയ്തത്.


നിരവധി സസ്പെൻസുകൾ ഒളിപ്പിക്കുന്ന ഈ ത്രില്ലർ ചിത്രം ജോജു ജോർജിന്‍റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പാപ്പു പ്രൊഡക്ഷൻസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എന്ന നിലയിൽ ത്രില്ല് നിലനിർത്തിക്കൊണ്ട് മനുഷ്യ മനസ്സിന്‍റെ നിഗൂഢ തലങ്ങളിലൂടെ അതിസൂക്ഷ്മമായി സഞ്ചരിച്ച വളരെ മികച്ചൊരു ഇമോഷണൽ ത്രില്ലർ ആണ് 'ഇരട്ട'.Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K