12 April, 2023 01:04:37 PM


സ്വർണക്കടത്തിൽ മുഖ്യമന്ത്രിക്കുളള പങ്ക് അന്വേഷണം; ഹർജി ഹൈക്കോടതി തള്ളി



കൊച്ചി: സ്വർണക്കടത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. സ്വർണം, ഡോളർ കടത്ത് ആരോപണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയാണ് കേരള ഹൈക്കോടതി തള്ളി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് ഹർജി തള്ളിയത്. നേരത്തെ സ്വപ്നക്ക് ജോലി നൽകിയിരുന്ന എച്ച് ആർ ഡി എന്ന സ്ഥാപനത്തിന്‍റെ സെക്രട്ടറി അജി കൃഷ്ണനായിരുന്നു ഹർജിക്കാരൻ.


സ്വപ്ന സുരേഷിന്‍റെ അടുത്ത കാലത്തെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും കസ്റ്റംസും മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. സ്വപ്ന കസ്റ്റംസിന് നൽകിയ മൊഴി, സ്വപ്നയുടെ ജീവചരിത്ര പുസ്തകത്തിൽ എഴുതപ്പെട്ട കാര്യങ്ങൾ, വിവിധ പ്രസ് കോൺഫറൻസുകളിൽ അവർ ഉന്നയിച്ച ആരോപണങ്ങൾ എന്നിവയെല്ലാം വിരൽ ചൂണ്ടുന്നത് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും മുൻ സ്പീക്കർ ശ്രീരാമകൃഷ്ണനും ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളുടെ സ്വർണ്ണ കടത്തു കേസിലെ പങ്കിലേക്കാണെന്ന് ഹർജിക്കാരൻ വാദിച്ചിരുന്നു.


എന്നാല്‍ ഹർജി നിലനിൽക്കില്ലെന്ന സംസ്ഥാന സർക്കാരിന്‍റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. അന്വേഷണം ശരിയായ രീതിയിലല്ല എന്ന വാദത്തിന് അടിസ്ഥാനമില്ലെന്നും അന്വേഷണത്തിന് കോടതിയുടെ മേൽനോട്ടം ആവശ്യമില്ലെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി. അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നതെന്ന് കാണിക്കാൻ തെളിവുകളൊന്നും ഹർജിക്കാരൻ ഹാജരാക്കിയില്ലെന്നതും കോടതി ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികളായ കസ്റ്റംസിന്‍റെയും ഇഡിയുടെയും അന്വേഷണം ശരിയായ ദിശയിലാണെന്നും കോടതി വിലയിരുത്തി. എത്ര ഉന്നതൻ ആയാലും നിയമം അതിനും മുകളിലാണെന്നും കോടതി ഹർജിക്കാരനെ ഓർമ്മിപ്പിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K