13 April, 2023 01:43:31 PM


മോട്ടോര്‍ വാഹന വകുപ്പ് സ്ഥാപിച്ച എഐ ക്യാമറകള്‍ 20 മുതല്‍ പ്രവര്‍ത്തിച്ച് തുടങ്ങും



തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പ് സ്ഥാപിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (എഐ) ക്യാമറകള്‍ ഈ മാസം 20 മുതല്‍ പ്രവര്‍ത്തിച്ച് തുടങ്ങും. ക്യാമറകള്‍ പ്രവര്‍ത്തന സജ്ജമാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാന, ദേശീയ പതാകളിലുള്‍പ്പടെ 726 ക്യാമറകളാണ് നിയമലംഘനം പിടികൂടാന്‍ സ്ഥാപിച്ചിരിക്കുന്നത്. ഉദ്ഘാടനം 20ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.


സീറ്റ് ബെല്‍റ്റ് ധരിക്കാതെയുള്ള കാര്‍ യാത്രക്കാരെയും ഹെല്‍മെറ്റ് ധരിക്കാതെയുള്ള ഇരുചക്ര വാഹന യാത്രക്കാരെയും കണ്ടുപിടിക്കുന്നതിനും അപകടം ഉണ്ടായ ശേഷം നിര്‍ത്താതെ പോകുന്ന വാഹനങ്ങള്‍ പിടികൂടുന്നതിനും വേണ്ടിയാണ് 675 ക്യാമറകള്‍.


അനധികൃത പാര്‍ക്കിങ് പിടികൂടാന്‍ 25 ക്യാമറകളും അമിത വേഗതയില്‍ പോകുന്ന വാഹനങ്ങള്‍ കണ്ടെത്താന്‍ 4 ഫിക്‌സഡ് ക്യാമറകളും വാഹനങ്ങളില്‍ ഘടിപ്പിച്ച 4 ക്യാമറകളും ട്രാഫിക് സിഗ്‌നല്‍ അനുസരിക്കാത്തവരെ പിടികൂടാന്‍ പതിനെട്ടോളം ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.


ക്യാമറ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തി കണ്‍ട്രോള്‍ റൂമിലേക്ക് അയക്കും. അവിടെ നിന്ന് വാഹന ഉടമയ്ക്ക് ചിത്രങ്ങളും പിഴ തുകയും ഉള്‍പ്പെടുത്തി നോട്ടീസ് അയക്കും. നിയമലംഘനത്തിന്‍റെ വിവരം വാഹന ഉടമയുടെ മൊബൈല്‍ ഫോണിലേക്ക് അപ്പോള്‍ തന്നെ മെസേജ് വഴി അറിയിക്കുകയും ചെയ്യും.


14 ജില്ലകളിലും സ്ഥാപിച്ചിരിക്കുന്ന ക്യാമറകള്‍ വഴി ശേഖരിക്കുന്ന വിവരങ്ങളും ദൃശ്യങ്ങളും എക്‌സൈസ്, മോട്ടോര്‍ വാഹന, ജിഎസ്ടി വകുപ്പുകള്‍ക്ക് ലഭ്യമാക്കും. കെല്‍ട്രോണാണ് ക്യാമറകള്‍ സ്ഥാപിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K