17 April, 2023 10:37:13 PM


ന്യായാധിപർ സംവദിക്കേണ്ടത് വിധിന്യായത്തിലൂടെയാവണം; പത്രകുറിപ്പിലൂടല്ല - ശശികുമാർ



തിരുവനന്തപുരം: ന്യായാധിപന്മാർ പൊതു ജനത്തോട് സംവദിക്കേണ്ടത് പത്രക്കുറിപ്പിലൂടെയല്ലെന്നും അവരുടെ വിധി ന്യായത്തിലൂടെയാവണമെന്നും ഹർജിക്കാരനായ ആര്‍.എസ്.ശശികുമാര്‍. തങ്ങളുടെ കുറ്റബോധം മറച്ചുപിടിക്കാനാണ്  ലോകായുക്തതന്നെ ഇത്തരത്തിൽ പത്രക്കുറിപ്പുമായി രംഗത്തുവന്നിട്ടുള്ളത് എന്ന് ഹർജിക്കാരനായ ശശികുമാർ പ്രസ്താവനയിൽ പറഞ്ഞു

പ്രസ്താവനയുടെ പൂർണ രൂപം

തരംതാഴുന്നതിന് തങ്ങൾക്ക് പരിധിയില്ല എന്ന് വെളിവാക്കുന്നതാണ് ഇന്നത്തെ പത്രക്കുറിപ്പ്

1. മുഖ്യമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്തതിന് ലോകായുക്ത നൽകുന്ന വിശദീകരണം "ലോകായുക്തയും ഉപലോകായുക്തയും പങ്കെടുത്തത് ശ്രീ പിണറായി വിജയൻ നടത്തിയ സ്വകാര്യ ഇഫ്താർ വിരുന്നിലല്ല. കേരളത്തിൻറെ മുഖ്യമന്ത്രി ആതിഥ്യം നൽകിയ ഔദ്യോഗിക ഇഫ്താർ വിരുന്നിലാണ് " എന്നാണ്.
ഇതു തന്നെയാണ് എൻ്റെയും പരാതി. സംസ്ഥാന മുഖ്യമന്ത്രി പ്രതിയായ കേസ്സ് പരിഗണനയിലിരിക്കെ ആ കേസ്സ് പരിഗണിക്കുന്ന ന്യായാധിപന്മാർ അദ്ദേഹത്തിൻ്റെ ആതിഥ്യം സ്വീകരിച്ചത് ഔചിത്യമായില്ല എന്ന എൻ്റെ അഭിപ്രായം ശരിവക്കുക മാത്രമാണ് ലോകായുക്ത ചെയ്തത്. 
ഇത് മനസ്സിലാക്കാൻ ന്യായാധിപ ബുദ്ധിയൊന്നും വേണ്ടതില്ല.

2.  എന്നെ പേപ്പട്ടി എന്ന് വിളിച്ച വിഷയവുമായി ബന്ധപ്പെട്ട് ലോകായുക്തയുടെ പത്രക്കുറിപ്പിലെ  വിശദീകരണം സാമാന്യ മര്യാദയ്ക്ക് ചേരുന്നതല്ല. 

പത്രക്കുറിപ്പിൽ പറയുന്നത്  "ആശയം വിശദമാക്കാൻ ഉദാഹരണം പറഞ്ഞാൽ പരാതിക്കാരനെ 'പേപ്പട്ടി എന്ന് വിളിച്ചു'  എന്നു പറഞ്ഞ് ബഹളമുണ്ടാകുന്നത് നിയമ പ്രശ്നത്തിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് " എന്നാണ്.

കഴിഞ്ഞ പതിനൊന്നാം തീയതി കേസ് പരിഗണിച്ചപ്പോഴാണ് ലോകായുക്തയുടെ ഭാഗത്തുനിന്ന് എനിക്കെതിരെ ഇത്തരത്തിൽ വിവാദപരാമർശം ഉണ്ടായത്.  അന്നുതന്നെ മാധ്യമങ്ങളിലും പൊതുസമൂഹത്തിലും ഇതിനെ സംബന്ധിച്ച് ചൂടേറിയ ചർച്ചകൾ നടക്കുകയുണ്ടായി.  ഈ വിഷയത്തിൽ എന്തെങ്കിലും വിശദീകരണം നൽകാനോ വ്യക്തത വരുത്താനോ ഉണ്ടായിരുന്നെങ്കിൽ  പന്ത്രണ്ടാം തീയതി കേസ് വീണ്ടും പരിഗണിച്ചപ്പോൾ  ലോകായുക്തക്ക് അതാകാമായിരുന്നു.  അതിനു തയ്യാറാകാതെ ഇപ്പോൾ ഇത്തരത്തിൽ ഒരു പരസ്യ പ്രതികരണവുമായി വന്ന ലോകായുക്തയുടെ നടപടി കൂടുതൽ ദുരൂഹമാണ്.

ലോകായുടെ മുന്നിൽ പരാതിയുമായി വരുന്ന ഒരു ആവലാതിക്കാരന് നീതി നൽകുന്നതിനു പകരം അയാളെ  പേപ്പട്ടി എന്ന് വിളിച്ചാൽ അതിനെതിരെ പൊതു സമൂഹത്തിൻ്റെ പ്രതികരണം സ്വാഭാവികമാണ്. ആ സാഹചര്യം ഒഴിവാക്കേണ്ടത് ഞാനായിരുന്നില്ല; ലോകായുക്തയാണെന്നിരിക്കെ, മാധ്യമങ്ങളെയും എൻ്റെ സുഹൃത്തുക്കളെയും പ്രതിസ്ഥാനത്ത് നിർത്തുന്നത് എന്തിൻ്റെ പേരിലാണ്?  

3. സുപ്രീം കോടതിയുടെ 1997 ലെ എത്തിക്സ് കമ്മിറ്റിയുടെ പെരുമാറ്റച്ചട്ടം "റിട്ടയർ ചെയ്ത ന്യായാധിപരായ" തങ്ങൾക്ക് ബാധകമല്ലെന്ന് പറയുന്ന ലോകായുക്ത  തങ്ങൾ "ന്യായാധിപർ" ആയതിനാലാണ് മുഖ്യമന്ത്രി ക്ഷണിച്ച ഇഫ്താർ വിരുന്നിൽ  പങ്കെടുത്തതെന്ന് പറയുന്നതിലെ വൈരുദ്ധ്യം ആർക്കും ബോധ്യപ്പെടും.

4.  ഒരു ജുഡീഷ്യൽ ബോഡി, തങ്ങൾ പ്രസ്താവിച്ച ഉത്തരവിനെ സംബന്ധിച്ച് വിശദീകരണവുമായി പത്രക്കുറിപ്പിലൂടെ രംഗത്ത് വരുന്നത് ചരിത്രത്തിൽ കേട്ടുകഴിവില്ലാത്ത കാര്യമാണ്.  അതുകൊണ്ടുതന്നെ പത്രക്കുറിപ്പിലെ സാങ്കേതിക വിഷയങ്ങളെ സംബന്ധിച്ച് ഞാൻ ഇപ്പോൾ പ്രതിപാദിക്കുന്നില്ല. 

പക്ഷെ, വിരുദ്ധ അഭിപ്രായമുണ്ടായിരുന്നെങ്കിൽ ആ വിവരം പറയാൻ ഒരു വർഷത്തിലധികം എന്തിനെടുത്തെന്നെങ്കിലും (ഞാൻ ഹൈക്കോടതിയെ സമീപിച്ച ശേഷം) പത്രക്കുറിപ്പിൽ വിശദീകരിക്കണമായിരുന്നു.

 മന്ത്രിസഭ തീരുമാനങ്ങൾ ലോകായുക്തയുടെ പരിധിയിൽ വരുമോ എന്നത് സംബന്ധിച്ച് 2019 ജനുവരി 14ലെ വിധി നിലനിൽക്കെ, (ആ വിധി മെയിൻ്റനബിലിറ്റി സംബന്ധിച്ചായാലും അഡ്മിസിബിലിറ്റി സംബന്ധിച്ച ആയാലും)  ലോകായുക്തയുടെ കുഴലൂത്ത് ആർക്കുവേണ്ടിയാണ് എന്ന് വ്യക്തമാവുകയാണ്.

(ആർ എസ് ശശികുമാർ)


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K