24 April, 2023 09:52:45 AM


'പേര് വെട്ടി': പ്രധാനമന്ത്രിയെ സ്വീകരിക്കുന്ന ചടങ്ങില്‍ നിന്ന് ഗവര്‍ണറെ ഒഴിവാക്കി



കൊച്ചി: കേരള സന്ദര്‍ശനത്തിനായി ഇന്ന് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എത്തില്ല.  പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ സംസ്ഥാന സർക്കാർ കൊടുത്ത പട്ടികയിൽ ഗവർണറുടെ പേര് ഉണ്ടായിരുന്നു.  എന്നാൽ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുക്കാനല്ല പ്രധാനമന്ത്രി കൊച്ചിയിലെത്തുന്നത് എന്ന കാരണത്താലാണ് ഗവര്‍ണറെ ഒഴിവാക്കിയത്.

പട്ടികയില്‍ പേരില്ലാത്തതിനാല്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ കൊച്ചിയിലെത്തിയ ഗവർണർ തിങ്കളാഴ്ച തലസ്ഥാനത്തേക്ക് മടങ്ങിപോകുമെന്ന് അറിയിച്ചിരുന്നു. വന്ദേഭാരത് ഫ്ലാഗ് ഓഫ് അടക്കമുള്ള പരിപാടികള്‍ക്കായി തിരുവനന്തപുരത്ത് ചൊവ്വാഴ്ചയെത്തുന്ന പ്രധാനമന്ത്രിയെ ഗവര്‍ണര്‍ സ്വീകരിക്കും.

മധ്യപ്രദേശില്‍ നിന്ന്  വൈകിട്ട് 5  മണിയോടെ കൊച്ചിയിലെ നാവിക ആസ്ഥാനത്ത് പ്രധാനമന്ത്രി വിമാനമിറങ്ങും. 5.30 ന് നാവിക ആസ്ഥാനത്ത് നിന്ന് യുവം 2023 പരിപാടി നടക്കുന്ന എസ് എച്ച് ഗ്രൗണ്ടിലേക്ക് റോഡ് ഷോ. ബിജെപിയുടെ മുതിർന്ന നേതാക്കൾ ഉൾപ്പെടെ 15000 ത്തോളം പേർ റോഡ് ഷോയിൽ പങ്കാളികളാകും. 20000 പേരെ പങ്കെടുപ്പിച്ചുള്ള യുവ വേദിയിലേക്ക് 6 മണിയോടെയാണ് മോദി എത്തുക. യുവാക്കളോട് നേരിട്ട് മോദി സംവദിക്കും. തുടര്‍ന്ന് താജ് ഹോട്ടലില്‍ ക്രൈസ്തവ മതമേലധ്യക്ഷന്മാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.

സാധാരണ പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ളവരുടെ പട്ടികയിൽ ഗവർണറെ ഉൾപ്പെടുത്താറുണ്ട്. എന്നാൽ, പ്രധാനമന്ത്രിയുടേത് രാഷ്ട്രീയസ്വഭാവമുള്ള പരിപാടിയായതിനാലാണ് സ്വീകരണപ്പട്ടികയിൽനിന്ന് ഗവർണറെ ഒഴിവാക്കിയതെന്നാണ് വിശദീകരണം. സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി പി രാജീവ് പ്രധാനമന്ത്രിയെ സ്വീകരിക്കും. കേന്ദ്ര സഹമന്ത്രി വി മുരളീധരൻ അടക്കമുള്ളവരും പ്രധാനമന്ത്രിയെ സ്വീകരിക്കാനത്തും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K