06 May, 2023 12:17:46 PM


ഇടുക്കിയെ വിറപ്പിച്ച അരിക്കൊമ്പന്‍റെ ജീവിതം സിനിമയാകുന്നു



കൊച്ചി: ഇടുക്കിയിലെ ശാന്തന്‍പാറ, ചിന്നക്കനാല്‍ മേഖലകള്‍ വിറപ്പിച്ച കാട്ടാന അരിക്കൊമ്പന്‍റെ ജീവിതം സിനിമയാകുന്നു. ഇടി, മോഹന്‍ലാല്‍ തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്ത സാജിദ് യഹിയ ആണ് അരിക്കൊമ്പന്‍റെ സംഭവബഹുലമായ കഥ വെള്ളിത്തിരയിലെത്തിക്കുന്നത്. ബാദുഷാ സിനിമാസിന്‍റെയും പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്‍റെയും ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗാനരചയിതാവ് എന്ന നിലയില്‍ ശ്രദ്ധേയനായ സുഹൈല്‍ എം കോയ ആണ് അരിക്കൊമ്പന്‍ സിനിമയുടെ കഥ ഒരുക്കുന്നത്. "ദ മോസ്റ്റ് പവര്‍ഫുള്‍ ഫോഴ്സ് ഓണ്‍ എര്‍ത്ത് ഈസ് ജസ്റ്റിസ്" എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന ടാഗ് ലൈന്‍.

കേരളത്തിൽ ഇന്നും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന അരിക്കൊമ്പന്‍റെ ജീവിതം സിനിമയാക്കുമ്പോൾ ആകാംക്ഷയിലാണ് പ്രേക്ഷകര്‍. അരിക്കൊമ്പനെ വാസ സ്ഥലത്തു നിന്ന് മാറ്റിയതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഇന്നും ചർച്ചകള്‍ നടത്തുകയാണ്. ചിന്നക്കനാലില്‍ നിന്ന് പിടികൂടി പെരിയാര്‍ വനത്തിലേക്ക് മാറ്റിയ അരിക്കൊമ്പന് സോഷ്യല്‍ മീഡിയയില്‍ ഒരു കൂട്ടം ആളുകള്‍ സൂപ്പര്‍ താര പരിവേഷമാണ് നല്‍കുന്നത്.

എന്‍ എം. ബാദുഷ, ഷിനോയ് മാത്യു, രാജൻ ചിറയിൽ,മഞ്ജു ബാദുഷ, നീതു ഷിനോയ്, പ്രിജിൻ ജെ പി എന്നിവരാണ് ചിത്രത്തിന്‍റെ നിർമ്മാണം. ചിത്രത്തിന്‍റെ താര നിർണ്ണയം പുരോഗമിച്ചു വരികയാണ്.

അരിക്കൊമ്പന്‍റെ പിന്നിലെ അണിയറപ്രവർത്തകർ ഷാരോൺ ശ്രീനിവാസ്, പ്രിയദർശിനി,അമൽ മനോജ്, പ്രകാശ് അലക്സ് , വിമൽ നാസർ, നിഹാൽ സാദിഖ്, അനീസ് നാടോടി, നരസിംഹ സ്വാമി, വിജിത്, ആസിഫ് കുറ്റിപ്പുറം, അബു വളയംകുളം, മാഗ്ഗുഫിൻ എന്നിവരാണ്. പി ആർ ഓ പ്രതീഷ് ശേഖർ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K