06 June, 2023 04:08:29 PM


'2018' സിനിമ കരാർ ലംഘിച്ച് ഒടിടി റിലീസിനു നൽകിയതിൽ പ്രതിഷേധം; തിയെറ്ററുകൾ അടച്ചിടും



കൊച്ചി: സംസ്ഥാനത്ത് അടുത്ത 2 ദിവസം തിയെറ്ററുകൾ അടച്ചിടും. തിയെറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിന്‍റേതാണ് തീരുമാനം. '2018' സിനിമ കരാർ ലംഘിച്ച് ഒടിടി റിലീസിനു നൽകിയതിൽ പ്രതിഷേധിച്ചാണ് സമരം.

കൊച്ചിയിൽ ചൊവ്വാഴ്ച ചേർന്ന തിയെറ്റർ ഉടമകളുടെ യോഗത്തിലാണ് തീരുമാനം. ബുധൻ, വ്യാഴം തീയതികളിൽ സിനിമ കാണുന്നതിനായി ഓൺലൈനിൽ ബുക്ക് ചെയ്തവരുടെ ടിക്കറ്റ് തുക റീഫണ്ട് ചെയ്യുമെന്ന് ഉടമകൾ വ്യക്തമാക്കി. സിനിമ തിയെറ്ററിൽ റിലീസ് ചെയ്ത് 42 ദിവസം പിന്നിട്ടാൽ മാത്രമേ ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യാവൂ എന്നാണ് തിയെറ്റർ ഉടമകളും സിനിമാ നിർമാതാക്കളുമായി ഉണ്ടാക്കിയിരുന്ന കരാർ.

തിയെറ്ററുകളിൽ വലിയ കളക്ഷനുള്ള ചിത്രമായ '2018' ബുധനാഴ്ച സോണി ലിവ് ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുകയാണ്. ചിത്രം പ്രദർശനമാരംഭിച്ച് 33-ാം ദിവസമാണ് ഒടിടിയിൽ റിലീസിനെത്തുന്നത്.

തീയറ്ററുടമകൾ വലിയ പ്രതിസന്ധിയിലാണെന്നും ചിത്രങ്ങൾ പെട്ടെന്ന് ഒടിടിയിൽ റിലീസ് ചെയ്താൽ കുടുംബങ്ങൾ സിനിമ കാണാനായി തീയറ്ററുകളിലെത്തില്ലെന്നും ഉടമകൾ പറയുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K