21 July, 2023 03:51:48 PM


53-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം; മികച്ച നടൻ മമ്മൂട്ടി, മികച്ച നടി വിൻസി അലോഷ്യസ്



തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ തിരുവനന്തപുരത്ത് മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. മമ്മൂട്ടി മികച്ച നടനായി. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'നൻപകൽ നേരത്ത് മയക്കം' സിനിമയിലെ പ്രകടനത്തിനാണ് പുരസ്‌കാരം. 'പുഴു', 'ഭീഷ്മപർവം' തുടങ്ങിയ സിനിമകളിലെ പ്രകടനവും ശ്രദ്ധ നേടിയിരുന്നു. മികച്ച നടിയായി വിൻസി അലോഷ്യസ് തിരഞ്ഞെടുക്കപ്പെട്ടു. രേഖ എന്ന സിനിമയിലെ പ്രകടനത്തിനാണ് പുരസ്‌കാരം.

ബുധനാഴ്ച രാവിലെ 11 മണിക്ക് നടക്കാനിരുന്ന പുരസ്കാര പ്രഖ്യാപനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തിന്റെ ഭാഗമായുള്ള ദുഃഖാചരണത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവെക്കുകയായിരുന്നു.

154 ചിത്രങ്ങൾ ജൂറിയുടെ പരിഗണനയ്ക്കു വന്നു. ബംഗാളി ചലച്ചിത്രകാരൻ ഗൗതം ഘോഷ് ചെയർമാൻ ആയ ജൂറി ആണ് പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചത്. 39 ദിവസത്തെ വിധിനിർണ്ണയ പ്രക്രിയ ആണ് പൂർത്തിയായത്. പ്രാഥമിക ജഡ്ജിംഗ് പാനലിന്റെ രണ്ട് ഉപസമിതികൾക്ക് നേതൃത്വം നൽകിയത് ചലച്ചിത്രകാരന്മാരായ നേമം പുഷ്പരാജ്, കെ.എം. മധുസൂദനൻ എന്നിവരാണ്. ഇരുവരും അന്തിമ ജഡ്ജിങ് പാനൽ അംഗങ്ങൾ കൂടിയാണ്.

പ്രാഥമിക പാനലിൽ എഴുത്തുകാരായ വി.ജെ. ജെയിംസ്, കെ.എം. ഷീബ, കലാസംവിധായകൻ റോയ് പി. തോമസ്, നിർമാതാവ് ബി. രാകേഷ്, സംവിധായകൻ സജാസ് റഹ്മാൻ, എഡിറ്ററും സംവിധായകനുമായ വിനോദ് സുകുമാരൻ എന്നിവർ അംഗങ്ങളാണ്.








Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K