07 November, 2023 03:23:50 PM


''ആദിവാസികളെ ഷോക്കേസ് വസ്തുവായി കാണരുത്''- മന്ത്രി കെ. രാധാകൃഷ്ണൻ



തിരുവനന്തപുരം: കേരളീയത്തിൽ ആദിവാസികളെ പ്രദർശനവസ്തുവാക്കിയെന്ന വിവാദത്തിൽ പ്രതികരണവുമായി മന്ത്രി കെ രാധാകൃഷ്ണൻ. ഷോകേസിൽ വെക്കേണ്ടവരല്ല ആദിവാസികളെന്നും കേരളീയത്തിൽ സംഭവിച്ചതെന്തെന്ന് പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ആദിവാസികളെ ഷോകേസ് ചെയ്യാൻ പാടില്ല എന്നാണ് തന്‍റെ വ്യക്തിപരമായ അഭിപ്രായം. തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ ഫോക് ലോർ അക്കാദമി പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.

പഴയ കാര്യങ്ങളുടെ പ്രദർശനമാണ് ഫോക് ലോർ അക്കാദമി ഒരുക്കിയിരുന്നത്. താനത് കണ്ടിരുന്നില്ല. നിരുപദ്രവകരമായിട്ടാണ് ചെയ്തത്. ആരെയും അപമാനിക്കാനായാണ് അക്കാദമി അത്തരത്തിലൊരു പ്രദർശനം ഒരുക്കിയതെന്ന് കരുതുന്നില്ല. വിവിധ ഡിപ്പാർട്ടുമെന്‍റിന്‍റെ പ്രദർശനം ഉണ്ടായിരുന്നുവെന്നും മന്ത്രി പറഞ്ഞു. പ്രധാനപ്പെട്ട ഒന്നായിരുന്നു ഭക്ഷണ പ്രദർശനം. നല്ല പങ്കാളിത്തമുണ്ടായിരുന്നു. കേരളീയത്തിൽ ആദിവാസി മരുന്നും, വനവിഭവങ്ങളും വിറ്റഴിക്കാൻ കഴിഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കേരളീയത്തിനോട് അനുബന്ധിച്ച് കനകക്കുന്നിലെ ആദിവാസി പ്രദർശനം വലിയ രീതിയിൽ വിമർശനത്തിന് വഴിവെച്ചിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പടെയുള്ളവർ ഇക്കാര്യത്തിൽ വിമർശനം ഉന്നയിച്ചിരുന്നു. കേരളീയം പരിപാടി അവസാനിക്കുമ്പോൾ കേരളത്തിന് തന്നെ അപമാനകരമായ കാര്യങ്ങളാണ് നടന്നിരിക്കുന്നതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.

നാടിന്‍റെ അഭിമാനങ്ങളായ വനവാസി ഗോത്രവിഭാഗങ്ങളെ അപമാനിക്കുന്ന തരത്തിലുള്ള നടപടിയാണ് കേരളീയത്തിൽ കണ്ടത്. അവരുടെ സ്വത്വത്തെ അപമാനിക്കുന്ന നിലപാടായിരുന്നു, കേരളീയം സംഘടകർ ആദിവാസി -ഗോത്ര വിഭാഗങ്ങളോട് മാപ്പ് പറയണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K