09 November, 2024 12:45:47 PM


മേപ്പാടിയില്‍ പുഴുവരിച്ച കിറ്റുകള്‍ ലഭിച്ച കുടുംബങ്ങളിലെ 2 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ



കല്‍പ്പറ്റ: മേപ്പാടിയില്‍ പുഴുവരിച്ച കിറ്റുകള്‍ ലഭിച്ച കുടുംബങ്ങളിലെ രണ്ട് കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. മേപ്പാടി കുന്നംപറ്റയിലെ വാടക ഫ്ലാറ്റിൽ കഴിയുന്ന ദുരന്ത ബാധിതരായ 7 ഉം 10 ഉം വയസ്സുള്ള കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ദുരിതബാധിതർക്കായി നൽകിയിരുന്ന ഭക്ഷ്യകിറ്റിലെ സോയാബീൻ കഴിച്ചിട്ടാണ് കുട്ടികൾക്ക് ഛർദിയും വയറിളക്കവും അനുഭവപ്പെട്ടത് എന്നാണ് ആരോപണം. നിലവിൽ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരുവരുടെയും ആരോഗ്യ നില തൃപ്തികരമാണ്.

ബുധനാഴ്ചയാണ് സോയാബീൻ വാങ്ങിയതെന്നും പിറ്റേദിവസം അത് കഴിക്കുകയുമായിരുന്നു. പുറത്തു നിന്ന് കുട്ടികൾക്ക് ഭക്ഷണം വാങ്ങികൊടുത്തിട്ടില്ലെന്നും ഭക്ഷ്യകിറ്റിലെ തന്നെ സാധനങ്ങളാണ് കഴിക്കാറുള്ളതെന്നും കുട്ടിയുടെ രക്ഷിതാക്കൾ പറയുന്നു.

അതേസമയം, മേപ്പാടി പഞ്ചായത്തിൽ വിതരണം ചെയ്ത ഭക്ഷ്യകിറ്റിൽ നിന്നും കണ്ടെത്തിയ പുഴുവരിച്ച അരിയും കീറിയ വസ്ത്രങ്ങളും നിർമ്മാൺ എന്ന സന്നദ്ധ സംഘന നല്കിയതാണെന്നാണ് എഡിഎം സംസ്ഥാന ഭക്ഷ്യ കമ്മീഷൻ നൽകിയ വിശദീകരണം. ഉപയോഗ ശൂന്യമായതിനുശേഷമാണ് ഇവ വിതരണം ചെയ്തതെന്നും പരിശോധനയിൽ പ്രാണികളെ കണ്ടെത്തിയ സാഹചര്യത്തിൽ മുഴുവൻ ഭക്ഷ്യവസ്തുക്കളും പരിശോധിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

സംഭവത്തിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് മുഖ്യമന്ത്രി.പ്രാഥമിക അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാനും നിർദേശമുണ്ട്. എന്നാൽ റവന്യൂ വകുപ്പ് വിതരണം ചെയ്ത ഭക്ഷ്യ കിറ്റുകളാണ് ഇവയെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് യുഡിഎഫ്.

സന്നദ്ധ സംഘടനകളും റവന്യൂ വകുപ്പും നൽകിയ ഭക്ഷ്യ കിറ്റുകളാണ് ദുരന്ത ബാധിതർക്ക്‌ നൽകിയതെന്നാണ് മേപ്പാടി പഞ്ചായത്ത് അധികൃതരുടെ വിശദീകരണം. എന്നാൽ പഞ്ചായത്തിന്റെ വാദങ്ങൾ തള്ളിക്കൊണ്ട് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ രംഗത്തെത്തിയിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 942