20 February, 2026 12:29:34 PM
'അത് കത്രികയല്ല, 50 വർഷം കഴിഞ്ഞാലും ഒന്നും സംഭവിക്കില്ല'- ഡോ. ലളിതാംബിക

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ ഉപകരണം കുടുങ്ങിയ സംഭവത്തിൽ തനിക്ക് പങ്കില്ലെന്ന് ഡോ. ലളിതാംബിക. ശസ്ത്രക്രിയ നടത്തിയത് താനല്ലെന്ന് 100 ശതമാനം ഉറപ്പോടെ പറയാൻ കഴിയും. വിരമിക്കുന്നതിന് തൊട്ടുമുമ്പുള്ള കാലയളവിലായിരുന്നു ഇതെന്നും അന്ന് യൂണിറ്റ് ചീഫ് എന്ന നിലയിൽ തന്റെ പേര് പറയപ്പെടുന്നത് സ്വാഭാവികമാണെന്നും അവർ മാധ്യമങ്ങളോട് പ്രതികരിച്ചു
അന്ന് കോവിഡ് ബാധിതരായ ഗർഭിണികളുടെ ചികിത്സയ്ക്കായിരുന്നു അന്ന് മുൻഗണന നൽകിയിരുന്നത്. മൂന്നര കിലോ തൂക്കമുള്ളതും ക്യാൻസർ ആണോ എന്ന് സംശയമുള്ളതുമായ ഒരു ട്യൂമർ നീക്കം ചെയ്യാനാണ് പ്രസ്തുത രോഗിയെ അഡ്മിറ്റ് ചെയ്തത്. എന്നാൽ ആ സമയത്ത് നടന്ന ഈ ശസ്ത്രക്രിയയിൽ താൻ നേരിട്ട് പങ്കെടുത്തിട്ടില്ലെന്നും ഡോക്ടർ പറഞ്ഞു.
ഉഷയുടെ വയറ്റിൽ കുടുങ്ങിയത് കത്രികയല്ലെന്നും മസ്‌കിറ്റോയെന്ന വളരെ ചെറിയ സാധനമാണെന്നും ലളിതാംബിക പ്രതികരിച്ചു. 'എക്‌സറേയിൽ കാണുന്ന മാഗ്നിഫൈഡ് വ്യൂ ആണ്. എന്നാലും അത് പോകാൻ പാടില്ല. ഉപകരണങ്ങളുടെ എണ്ണം സാധാരണ ശസ്ത്രക്രിയയ്ക്ക് മുമ്പും ശേഷവും എണ്ണി തിട്ടപ്പെടുത്താൻ ആളുണ്ടാകും. സർക്കാർ ആശുപത്രികളിൽ ഇതിന് ആളില്ല. ഡോക്ടറും നഴ്‌സുമാണ് എണ്ണാറുള്ളത്. അതിൽ പിഴവ് വന്നിട്ടുണ്ടെങ്കിൽ ഇങ്ങനെ സംഭവിക്കാം' ഡോ.ലളിതാംബിക പറഞ്ഞു.
ആ രോഗിക്ക് ഇതിന് മുമ്പ് ഓപ്പറേഷൻ ചെയ്തിട്ടുണ്ട്. അന്ന് വന്നതാണോയെന്ന് എങ്ങനെ അറിയാമെന്നും ഡോക്ടർ ചോദിച്ചു. അങ്ങനെ കുടുങ്ങിയതാണെങ്കിൽ രണ്ടാമത്തെ ഓപ്പറേഷൻ ചെയ്യുന്ന സമയത്തും കാണാനാകില്ല. ആ ഓപ്പറേഷൻ 20 വർഷം മുൻപ് നടന്നതായാലും ആ ഉപകരണം അവിടെ അനങ്ങാതെ ഇരിക്കുകയാണെങ്കിൽ അറിയുകയേ ഇല്ല. ഇപ്പോഴും മൂത്രത്തിൽ കല്ലിന്റെ പ്രശ്‌നം കൊണ്ടാണ് അവർ ആശുപത്രിയിലേക്ക് പോയത്. കെമിക്കൽ ടെസ്റ്റിലൂടെ ഉപകരണത്തിന്റെ പഴക്കം കണ്ടുപിടിക്കേണ്ടി വരുമെന്നും ലളിതാംബിക പറഞ്ഞു.
ഈ സംഭവത്തിൽ ഒരാളെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും സിസ്റ്റത്തിന്റെ പരാജയമാണിതെന്നും ഡോക്ടർ അഭിപ്രായപ്പെട്ടു. ഒരു യൂണിറ്റ് ചീഫ് എന്ന നിലയിൽ തന്റെ പേര് രേഖകളിൽ ഉണ്ടാകാമെങ്കിലും, ശസ്ത്രക്രിയ രജിസ്റ്ററും നോട്ടും പരിശോധിച്ചാൽ യഥാർത്ഥത്തിൽ ശസ്ത്രക്രിയ ചെയ്തത് ആരാണെന്ന് വ്യക്തമാകുമെന്നും അവർ കൂട്ടിച്ചേർത്തു.
ശസ്ത്രക്രിയ ഉപകരണം വയറ്റിൽ കുടുങ്ങിയത് കൊണ്ട് മാത്രം രോഗിക്ക് പ്രത്യാഘാതങ്ങൾ ഉണ്ടാകില്ലെന്നും, 50 വർഷം വരെ അത് ശരീരത്തിനുള്ളിൽ ഇരുന്നാലും ഒന്നും സംഭവിക്കില്ലെന്നുമാണ് ഡോക്ടർ പറഞ്ഞു. പരാതിപ്പെട്ട രോഗിക്ക് നിരന്തരമായി അനുഭവപ്പെട്ട വേദനയ്ക്ക് കാരണം ഈ ഉപകരണമല്ല, മറിച്ച് യൂറിനറി സ്റ്റോൺ ആണെന്ന് അൾട്രാസൗണ്ട് പരിശോധനയിൽ കണ്ടെത്തിയതായും ഡോക്ടർ വ്യക്തമാക്കി.






