16 February, 2026 10:13:27 AM


പിണറായി വിജയൻ അടുത്ത തവണയും മുഖ്യമന്ത്രിയാകും- കോൺഗ്രസ് നേതാവ് മണി ശങ്കർ അയ്യർ



തിരുവനന്തപുരം: പിണറായി വിജയൻ തന്നെയായിരിക്കും കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെന്ന് കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ . തിരുവനന്തപുരത്ത് നടന്ന 'വിഷൻ 2031' അന്താരാഷ്ട്ര സമ്മേളനത്തിന്റെ ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രിയെ സാക്ഷിനിർത്തിയായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമർശം. 'അടുത്ത മുഖ്യമന്ത്രി ആകുമെന്ന് എനിക്ക് ഉറപ്പുള്ള മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ' എന്നായിരുന്നു മുഖ്യമന്ത്രി വേദിയിലിരിക്കെ മണിശങ്കർ അയ്യരുടെ പരാമർശം.

കേരളത്തിന്റെ വികസന മുന്നേറ്റങ്ങളെയും സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെയും പ്രശംസിച്ച മണിശങ്കർ അയ്യർ,  സമൂഹത്തിന്റെ പുരോഗതിക്കായി മഹാത്മാഗാന്ധി കാണിച്ചുതന്ന പാതയിലൂടെ സഞ്ചരിച്ച സംസ്ഥാനമാണ് കേരളമെന്നും, ഗാന്ധിജിയുടെ ദർശനങ്ങൾ ഇന്ത്യയിൽ നടപ്പിലാക്കിയത് ഒരു കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയാണെന്നും പറഞ്ഞു.

സംസ്ഥാന ആസൂത്രണ ബോർഡിന്റെ നേതൃത്വത്തിൽ നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിലാണ് 'വിഷൻ 2031: വികസനവും ജനാധിപത്യവും' എന്ന വിഷയത്തിൽ മൂന്ന് ദിവസത്തെ അന്താരാഷ്ട്ര കോൺഫറൻസ് നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് കോൺഫ്രൻസ് ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ ഫലസ്തീൻ അംബാസഡർ അബ്ദുല്ല അബു ഷാവേസ്, മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, ജി.ആർ. അനിൽ, പി. പ്രസാദ് എന്നിവരും മറ്റ് പ്രമുഖരും പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 946