21 February, 2026 11:01:38 AM
മഹിളാ കോൺഗ്രസ് നേതാവ് ആർ രശ്മി ബിജെപിയിലേക്ക്

കൊട്ടാരക്കര: മഹിളാ കോൺഗ്രസ് നേതാവ് ആർ രശ്മി ബിജെപിയിലേക്ക്. ഇന്ന് രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തും. രാവിലെ തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന കാര്യാലയത്തിൽ എത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ഇക്കഴിഞ്ഞ ദിവസങ്ങളിൽ കോൺഗ്രസ് പക്ഷത്ത് നിന്നും ബിജെപിയിലേക്ക് ചിലർ നീങ്ങുന്ന കാഴ്ചയാണ് ഇപ്പോൾ കാണാനാകുന്നത്.
നേരത്തെ കൊട്ടാരക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുള്ള നേതാവാണ് ആർ രശ്മി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി രശ്മി ഇന്ന് കൂടിക്കാഴ്ച നടത്തും. മാരാർജി ഭവനിൽ വെച്ചാണ് കൂടിക്കാഴ്ചയെന്നാണ് സൂചന. ഇന്നു തന്നെ പാർട്ടി പ്രവേശനവും ഉണ്ടായേക്കാം. രാജീവ് ചന്ദ്രശേഖറിന്റെ വാർത്താ സമ്മേളനം ഇന്ന് 12 മണിക്ക് നടക്കുന്നുണ്ട്. അവിടെ വെച്ചായിരിക്കാം രശ്മിയുടെ ബിജെപി പ്രവേശനവും ഔദ്യോഗികമാവുക.
മുൻ യൂത്ത് കോൺഗ്രസ് നേതാവും പാർട്ടി അനുഭാവിയും ആയിരുന്ന അഖിൽ മാരാർ കഴിഞ്ഞ ദിവസം എൻഡിഎയുടെ ഭാഗമായ ട്വന്റി20യിൽ ചേർന്നിരുന്നു. സംവിധായകനും ബിഗ് ബോസ് താരവുമായ അഖിൽ യുഡിഎഫിൽ സീറ്റിനായി ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും അത് നേതൃത്വം അനുകൂല നിലപാട് സ്വീകരിച്ചില്ല. തുടർന്നാണ് എൻഡിഎയിലേക്ക് ചുവടുമാറ്റം നടത്തിയത്.






