03 July, 2025 06:55:53 PM


കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ഡയാലിസിസ് സെൻറർ നിർമാണം തുടങ്ങി



കോട്ടയം : കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ഡയാലിസിസ് സെന്റർ നിർമ്മാണം ആരംഭിച്ചു. ജില്ലാ - ബ്ലോക്ക്- ഗ്രാമപഞ്ചായത്തുകൾ സംയുക്തമായി ഒരു കോടി രൂപയോളം ചെലവഴിച്ചാണ് നിർമാണം. 15 ബെഡുകളോട് കൂടിയതാണ് ഡയാലിസിസ് സെന്റർ. ഏഴ് ബെഡുകൾ സ്ത്രീകൾക്കും ഏഴു ബെഡുകൾ പുരുഷന്മാർക്കും ഒരു ഐസലേഷൻ ബെഡും അടങ്ങുന്നതാണ് സെന്റർ. ഡയാലിസിസ് സെന്റർ നിർമ്മാണോദ്ഘാടനം സർക്കാർ ചീഫ് ഡോ. എൻ ജയരാജ് നിർവഹിച്ചു. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മുകേഷ് കെ .മണി അധ്യക്ഷത വഹിച്ചു.

സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപ ചെലവഴിച്ച് നിർമാണം പൂർത്തിയായ പോസ്റ്റുമോർട്ടം മോർച്ചറി കോംപ്ലക്‌സിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. 
പുതിയ പോസ്റ്റ്‌മോർട്ടം മുറിയിൽ ഒരു ആധുനിക പോസ്റ്റ്‌മോർട്ടം ടേബിളും ഒരു മാനുവൽ ടേബിളും ഉണ്ട്. വാഴൂർ ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഏഴ് ലക്ഷം രൂപ ചെലവിട്ടാണ് ഇവ സജ്ജീകരിച്ചത്. മോർച്ചറിയിൽ എട്ടു മൃതദേഹങ്ങൾ സൂക്ഷിക്കാനുള്ള സൗകര്യമുണ്ട്. കൂടാതെ ഒരു മാനുവൽ ടേബിളും, ഇൻക്വസ്റ്റ് മുറി,സ്റ്റോർ, ആമ്പുലൻസ് ഷെഡ്, മലിനജലം സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിലേക്ക് ഒഴുക്കിവിടുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ആർ ശ്രീകുമാർ ,വാഴൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഗീത എസ്. പിള്ള, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ലതാ ഷാജൻ, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഷാജി പാമ്പൂരി, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.എം ജോൺ, ജില്ലാ പഞ്ചായത്ത് അംഗം ടി.എൻ ഗിരീഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബി. രവീന്ദ്രൻ നായർ, ഗ്രാമപഞ്ചായത്ത് അംഗം ആന്റണി മാർട്ടിൻ, ആശുപത്രി സൂപ്രണ്ട് സാവൻ സാറാ മാത്യു, എക്‌സിക്യൂട്ടീവ് എൻജിനീയർ ആർ.ദീപ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്. ഫൈസൽ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വി.ജി ലാൽ, സി.ജി ജ്യോതിരാജ്, എ.എം മാത്യു, പി.എ താഹ 
എന്നിവർ പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 308