04 July, 2025 07:36:31 PM
എലിപ്പനി: മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസർ

കോട്ടയം: ജില്ലയിൽ എലിപ്പനി കേസുകൾ റിപ്പോർട്ട ചെയ്യുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്നും മുൻകരുതലുകൾ സ്വീകരിക്കണമെന്നും ജില്ലാമെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ അറിയിച്ചു. വെള്ളംകയറിയ പ്രദേശങ്ങളിൽ താമസിക്കുന്നവർ, ദുരിതാശ്വാസക്യാമ്പുകളിൽ കഴിയുന്നവർ, ശുചീകരണത്തൊഴിലാളികൾ, പാടത്തും ജലാശയങ്ങളിലും മീൻ പിടിക്കാനിറങ്ങുന്നവർ തുടങ്ങി കെട്ടിക്കിടക്കുന്ന വെള്ളവുമായോ മണ്ണുമായോ സമ്പർക്കമുണ്ടായിട്ടുള്ള എല്ലാവരും എലിപ്പനിക്കെതിരെയുള്ള മുൻകരുതൽ മരുന്നായ ഡോക്‌സിസൈക്ലിൻ 200 മില്ലിഗ്രാമി(100 മില്ലിഗ്രാമിന്റെ രണ്ട് ഗുളിക ) ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശാനുസരണം കഴിക്കണം.
ഡോക്‌സി സൈക്ലിൻ ഗുളിക കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മലിന ജലവുമായി സമ്പർക്കത്തിൽവരുന്ന തൊഴിലുകളിൽ ഏർപ്പെടുന്നവർ 200 എം.ജി. ഡോക്‌സിസൈക്ലിൻ ഗുളിക ആഴ്ചയിലൊരിക്കൽ ആറാഴ്ച വരെകഴിക്കണം. ജോലിതുടർന്നും ചെയ്യുന്നുവെങ്കിൽ രണ്ടാഴ്്ചത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും കഴിക്കണം. വെറുംവയറ്റിൽ ഡോക്‌സിസൈക്ലിൻ ഗുളിക കഴിക്കരുത്. ഭക്ഷണംകഴിച്ചശേഷംമാത്രം ഗുളിക കഴിക്കാൻ ശ്രദ്ധിക്കണം.ഗുളിക കഴിക്കുന്നതോടൊപ്പം രണ്ടുഗ്ലാഗ് വെള്ളമെങ്കിലും കുടിക്കണം. ഗുളിക കഴിച്ചശേഷം ചിലർക്കുണ്ടാകുന്ന വയറെരിച്ചിൽ ഒഴിവാക്കാൻ ഇതു സഹായിക്കും.ഗുളിക കഴിച്ചശേഷം ഉടനേ കിടക്കരുത്. തൊഴിലുറപ്പ് ജോലികളിൽ ഏർപ്പെടുന്നവർ ജോലിക്കിറങ്ങുന്നതിനു തലേദിവസം ഭക്ഷണശേഷം ഗുളികകഴിക്കണം.
എലിപ്പനി -പ്രതിരോധമാണ് പ്രധാനം
ശരീരത്തിൽ ചെറിയ മുറിവുകളോ വ്രണങ്ങളോ ഉള്ളവർ, പാദംവിണ്ടു കീറിയവർ. ഏറെനേരം വെള്ളത്തിൽ പണിയെടുത്ത് കൈകാലുകളിലെ തൊലി മൃദുലമായവർ തുടങ്ങിയവരിൽ എലിപ്പനിക്ക് കാരണമാകുന്ന രോഗാണുവിന് പ്രവേശിക്കാൻ എളുപ്പമാണ്. ശരീരത്തിൽ മുറിവുകൾ ഉളളവർ അത് ഉണങ്ങുന്നതുവരെ മലിനജലവുമായി സമ്പർക്കത്തിൽവരുന്ന ജോലികൾ ചെയ്യരുത്. ജോലിചെയ്യേണ്ട സാഹചര്യം വന്നാൽ കൈയുറ, കാലുറ എന്നിവ ധരിക്കണം. ഡോക്‌സി സൈക്ലിനും കഴിക്കണം. വീടിനു പുറത്തിറങ്ങുമ്പോൾ നിർബന്ധമായും ചെരുപ്പ് ധരിക്കണം.
വിനോദത്തിനായി മീൻ പിടിക്കാൻ പോകുന്ന സ്ഥലങ്ങളിൽ മലിനജലവുമായി സമ്പർക്കമുണ്ടായാൽ ഡോക്‌സിസൈക്ലിൻ ഗുളികകഴിച്ച് മുൻകരുതൽഎടുക്കുക.
കന്നുകാലികളെ കുളിപ്പിക്കുന്ന തോട്, കുളം എന്നിവിടങ്ങളിൽ കുളിക്കുകയോ മുഖം, വായ എന്നിവ കഴുകുകയോ ചെയ്യരുത്
തൊഴുത്ത്, പട്ടിക്കൂട് എന്നിവ വൃത്തിയാക്കുന്നവർ മൃഗങ്ങളുടെ വിസർജ്ജ്യങ്ങളുമായി സമ്പർക്കം ഉണ്ടാകാതെ സൂക്ഷിക്കുക
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങേണ്ടിവന്നാൽ കൈകാലുകൾ സോപ്പുപയോഗിച്ച് നന്നായി കഴുകുക
ആഹാരവും കുടിവെള്ളവും എലി മൂത്രംകലർന്ന് മലിനമാകാതെ മൂടിവെക്കുക.
കടുത്ത പനി, തലവേദന, ക്ഷീണം,ശരീര വേദന, കാൽവണ്ണയിലെ പേശികളിൽ വേദന, കണ്ണിനു മഞ്ഞനിറം എന്നിവ ഉണ്ടായാൽ സ്വയംചികിൽസ ഒഴിവാക്കി അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തി ഡോക്ടറെകണ്ടു ചികിത്സതേടണം. മലിനജലവുമായി സമ്പർക്കം വന്നിട്ടുണ്ടെങ്കിൽ അത് ഡോക്ടറോട് പറയണം. ഇതോടെ നിർണയംകൂടുതൽഎളുപ്പമാക്കും. കുട്ടികളെ മലിനജലത്തിൽ കുളിക്കാനോ കളിക്കാനോ അനുവദിക്കരുതെന്നും മഴക്കാലമായതിനാൽ മറ്റ്പകർച്ചവ്യാധികൾക്കെതിരെയും ജാഗ്രതപാലിക്കണമെന്നും ജില്ലാമെഡിക്കൽ ഓഫീസർഅറിയിച്ചു