25 August, 2025 06:49:02 PM


അമീബിക് മസ്തിഷ്‌ക ജ്വരത്തിനെതിരേ ജാഗ്രത വേണം- കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസർ



കോട്ടയം: സംസ്ഥാനത്ത് പല ജില്ലകളിലും അമീബിക് മസ്തിഷ്‌കജ്വരം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലയിലും ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ അറിയിച്ചു. വെള്ളത്തിലെ അമീബ വിഭാഗത്തിൽപെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മസ്തിഷ്‌കജ്വരം ഉണ്ടാകുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലുമാണ് കൂടുതലും രോഗമുണ്ടാവുന്നത്മൂക്കിനെയും തലച്ചോറിനെയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണപടത്തിലുണ്ടാകുന്ന സുഷിരങ്ങൾ വഴിയോ ആണ് അമീബ തലച്ചോറിലേക്ക് കടക്കുന്നത്. മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് രോഗം പകരില്ല. അമീബ ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞ് അഞ്ചു മുതൽ 10 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ ഉണ്ടാകും.

 കടുത്ത തലവേദന, പനി. ഓക്കാനം, ഛർദ്ദി, കഴുത്ത് തിരിക്കാനും വെളിച്ചത്തിലേക്ക് നോക്കാനും പ്രയാസം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. തുടർന്ന് അപസ്മാരം, ബോധക്ഷയം, പരസ്പര ബന്ധം ഇല്ലാതെ സംസാരിക്കുക തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം. ഈ ലക്ഷണങ്ങളുള്ളവർ കുളത്തിലോ മറ്റ് ജലാശയങ്ങളിലോ അടുത്ത കാലത്ത് കുളിക്കുകയോ, വെള്ളം മൂക്കിൽ കയറാൻ ഇടയാകുകയോ ചെയ്തിട്ടുണ്ടെങ്കിൽ അത് ഡോക്ടറുടെ ശ്രദ്ധയിൽ പെടുത്തണമെന്നും ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു.

മുൻകരുതൽ വേണം

കെട്ടിക്കിടക്കുന്നതും മലിനമായതുമായ വെള്ളത്തിൽ കുളിക്കുന്നതും നീന്തുന്നതും ഒഴിവാക്കുക.
മൂക്കിൽ വെള്ളം കടക്കാതിരിക്കാൻ നോസ് ക്ലിപ്പ് ഉപയോഗിക്കുക.
വാട്ടർ തീം പാർക്കുകളിലെയും സ്വിമ്മിംഗ് പൂളുകളിലെയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്യുക.
സ്വിമ്മിംഗ് പൂളിന്റെ വശങ്ങളും തറയും ബ്രഷ് ഉപയോഗിച്ച് നന്നായി ഉരച്ചു കഴുകി പ്രതലങ്ങൾ നന്നായി ഉണക്കുക.
നീന്തൽകുളങ്ങളിലെ വെള്ളം ആഴ്ചയിൽ ഒരു ദിവസം പൂർണമായും ഒഴുക്കിക്കളഞ്ഞ് വൃത്തിയാക്കി ക്ലോറിനേഷൻ ഉറപ്പു വരുത്തുക.
ശുദ്ധമല്ലാത്ത വെള്ളത്തിൽ മുഖവും വായും കഴുകരുത്.
മൂക്കിലോ ചെവിയിലോ ഓപ്പറേഷൻ കഴിഞ്ഞവരും ചെവി പഴുപ്പുള്ളവരും മലിനമായ വെള്ളത്തിൽ ഇറങ്ങരുത്.
കിണർ വെള്ളം നിശ്ചിത ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യണം.
ഫിൽറ്ററുകൾ വൃത്തിയാക്കിയശേഷം വെള്ളം നിറച്ച് ക്ലോറിനേറ്റ് ചെയ്യണം.
സ്‌കൂളുകൾ, കോളേജുകൾ, ആശുപത്രികൾ, ലോഡ്ജുകൾ, ഹോട്ടലുകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെയും ടാങ്കുകൾ കഴുകുകയും വെള്ളം ക്ലോറിനേറ്റ് ചെയ്തതിനു ശേഷം മാത്രം ഉപയോഗിക്കുക.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K