03 December, 2025 12:03:05 PM
അതിജീവിതയെ അധിക്ഷേപിച്ച കേസ്: രാഹുല്‍ ഈശ്വറിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വറിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. നാളെ വൈകുന്നേരം അഞ്ച് വരെയാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. വഞ്ചിയൂര്‍ എസിജെഎം കോടതിയുടേതാണ് വിധി. കേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്നും അതിജീവിതയുടെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെന്നും രാഹുല്‍ ഈശ്വർ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു. അതിജീവിതയുടെ പേരോ ഫോട്ടോയോ ഉപയോഗിച്ചിട്ടില്ല. ഉള്ളടക്കം പരിശോധിക്കുന്നതില്‍ കോടതി പരാജയപ്പെട്ടു. വീഡിയോ കോടതി കണ്ടില്ലെന്നും പരിശോധിക്കാന്‍ നിര്‍ദേശം നല്‍കുക മാത്രമാണ് ചെയ്തതെന്നും ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിയമപോരാട്ടം നടത്തുന്ന അതിജീവിതയെ അധിക്ഷേപിച്ച കേസിൽ രാഹുല്‍ ഈശ്വറിന് കഴിഞ്ഞ ദിവസവും കോടതി ജാമ്യം നിഷേധിച്ചിരുന്നു. വഞ്ചിയൂര്‍ മജിസ്‌ട്രേറ്റ് കോടതിയുടേതായിരുന്നു നടപടി. രാഹുലിന് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. രാഹുൽ സ്ഥിരം കുറ്റവാളിയാണെന്നും ജാമ്യം നൽകുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. അതിജീവിതയുടെ ഐഡൻ്റിറ്റി രാഹുൽ വെളിപ്പെടുത്തിയെന്നും പ്രോസിക്യൂഷൻ പറഞ്ഞിരുന്നു.
നവംബർ 30നാണ് അതിജീവിതയുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയതിനും അധിക്ഷേപിച്ചതിനും രാഹുലിനെ അറസ്റ്റ് ചെയ്തത്. സൈബര്‍ അധിക്ഷേപത്തിന് ജാമ്യമില്ലാ വകുപ്പ് കൂടി ചേര്‍ത്തായിരുന്നു അറസ്റ്റ്. അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ പത്തനംതിട്ട മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി രഞ്ജിത പുളിക്കല്‍ ആണ് ഒന്നാം പ്രതി. കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യര്‍ അഞ്ചാം പ്രതിയാണ്.






