03 December, 2025 06:16:14 PM
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് തുടങ്ങി

കോട്ടയം: ജില്ലയില്‍ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് നടപടികള്‍ ബുധനാഴ്ച(ഡിസംബര്‍3) ആരംഭിച്ചു. ഉഴവൂര്‍, കാഞ്ഞിരപ്പളളി, പളളം, ളാലം, പാമ്പാടി ബ്ലോക്കുകള്‍ കോട്ടയം നഗരസഭയിലെ ഒന്നു മുതല്‍ 27 വരെ ബൂത്തുകള്‍ എന്നിവിടങ്ങളിലേക്കുള്ള മെഷീനുകളുടെ കമ്മീഷനിംഗാണ് ബുധനാഴ്ച നടന്നത്.
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ ബാലറ്റ് പേപ്പര്‍ സെറ്റ് ചെയ്ത് സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവും എണ്ണവും ക്രമീകരിച്ച് വോട്ടെടുപ്പിന് സജ്ജമാക്കുന്ന നടപടിയാണിത്. കമ്മീഷനിംഗിനു ശേഷം വോട്ടിംഗ് യന്ത്രം സീല്‍ ചെയ്യും. തുടര്‍ന്ന് യന്ത്രങ്ങള്‍ സ്‌ട്രോംഗ് റൂമുകളില്‍ അഡ്രസ് ടാഗ് ചെയ്ത് ക്രമീകരിക്കും. വോട്ടെടുപ്പിന്റെ തലേന്ന് പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. ജില്ലയിലെ 11ബ്ലോക്കുകളിലും ആറു നഗരസഭകളിലുമായി 17 കേന്ദ്രങ്ങളിലാണ് കമ്മീഷനിംഗ് നടക്കുന്നത്.
വൈക്കം, കടുത്തുരുത്തി, ഏറ്റുമാനൂര്‍, ഈരാറ്റുപേട്ട , മാടപ്പളളി, വാഴൂര്‍, ളാലം, പാമ്പാടി ബ്ലോക്കുകള്‍ ചങ്ങനാശേരി നഗരസഭ, കോട്ടയം നഗരസഭയിലെ 28 മുതല്‍ 57 വരെ ബൂത്തുകള്‍ പാലാ നഗരസഭ എന്നിവിടങ്ങളില്‍ വ്യാഴാഴ്ച(ഡിസംബര്‍ നാല്) കമ്മീഷനിംഗ് നടക്കും. ഏറ്റുമാനൂര്‍, വൈക്കം നഗരസഭകളില്‍ വെള്ളിയാഴ്ച (ഡിംസംബര്‍ അഞ്ച്) യാണ് കമ്മീഷനിംഗ്. ളാലം, പാമ്പാടി ബ്ലോക്ക് പരിധിയില്‍ ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് ഡിസംബര്‍ മൂന്നിനും നാലിനുമായാണ് പൂര്‍ത്തീകരിക്കുക.





