13 April, 2026 11:51:13 AM
ഡോക്‌ടറുടെ കാറിന് മുൻ ജീവനക്കാരൻ തീവച്ചു; തീ വെച്ചയാൾക്കും ഗുരുതരമായ പൊള്ളൽ

കോട്ടയം: ഡോക്‌ടറുടെ വീട്ടിലെ കാറിന് മുൻ ജീവനക്കാരൻ തീവച്ചു, തീ പടർന്ന് ജീവനക്കാരനും ഗുരുതരമായ പൊള്ളലേറ്റു. കോട്ടയം മെഡിക്കൽ കോളേജ് റോഡിൽ ഗാന്ധിനഗർ പെട്രോൾ പമ്പിന് എതിർവശം അഞ്ചേരി ഗാർഡൻസിൽ ഡോ. ജയകുമാറിന്റെ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറിനാണ് തീ വച്ചത്.
ഇന്നു രാവിലെയായിരുന്നു സംഭവം. മുമ്പ് ഇവിടെ ജോലി ചെയ്തിരുന്ന കെയർ ടേക്കറായ ചെങ്ങളം സ്വദേശിയാണ് രാവിലെ വീട്ടിലെത്തി കാറിനു തീ വച്ചതെന്നാണ് പൊലീസ് പറയുന്നത്. തീയും പുകയും കണ്ട് വീട്ടുകാർ വിവരം ഗാന്ധിനഗർ പൊലീസിലും അഗ്നിരക്ഷാ സേനയെയും അറിയിച്ചു. ഇവർ എത്തി തീ അണച്ചപ്പോഴാണ് കാറിനു സമീപത്ത് പൊള്ളലേറ്റ നിലയിൽ ഇയാളെ കണ്ടെത്തിയത്.
തുടർന്ന് ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി. ഇദ്ദേഹം മാനസിക വെല്ലുവിളി നേരിട്ടിരുന്നതായി ബന്ധുക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.





