31 March, 2026 04:27:41 PM
വോട്ടുറപ്പിക്കാൻ സ്വീപ് ആഘോഷം; വേമ്പനാട്ടു കായലിൽ അണിനിരന്നത് 58 ഹൗസ് ബോട്ടുകൾ

കോട്ടയം: വോട്ടർ ബോധവത്കരണ പരിപാടിയായ സ്വീപിന്റെ ആഭിമുഖ്യത്തിൽ വേമ്പനാട്ടു കായലിൽ നടത്തിയ മെഗാ ഹൗസ്‌ബോട്ട് റാലി വോട്ടർമാരുടെ ആഘോഷമായി മാറി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ അനവധി പേർ പാട്ടും നൃത്തവുമൊക്കെയായി ബോട്ട് റാലിയിൽ പങ്കുചേർന്നു.
ചീപ്പുങ്കലിൽനിന്ന് ആരംഭിച്ച റാലി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ചേതൻകുമാർ മീണ ഫ്ളാഗ് ഓഫ് ചെയ്തു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകരായ എച്ച്.എൻ. ഗോപാലകൃഷ്ണ, എസ്. ജയന്തി, ഗുൻജൻ ഭാരതി മിശ്ര തുടങ്ങിയവരും സന്നിഹിതരായിരുന്നു. സ്വീപ് നോഡൽ ഓഫസർ പി.എ. അമാനത്ത് സമ്മതിദായക പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പിൽ ഏർപ്പെടുത്തിയിട്ടുള്ള 30 പ്രത്യേക ക്രമീകരണങ്ങൾ ഹൗസ് ബോട്ടുകളിൽ പ്രദർശിപ്പിച്ചിരുന്നു. കുമരകം ബോട്ട് ഓണേഴ്‌സ് വെൽഫെയർ സൊസൈറ്റി, കുടുംബശ്രീ, ഹരിത കർമ്മസേന, സാക്ഷരതാ മിഷൻ, പട്ടികജാതി-പട്ടികവർഗ വികസന വകുപ്പ്, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.





