16 April, 2026 10:35:08 AM
എൻഡിഎ പിടിച്ച വോട്ടുകൾ ഗുണം ചെയ്യും; കോട്ടയത്ത് അഞ്ചിടങ്ങളിൽ ജയം ഉറപ്പിച്ച് എൽഡിഎഫ്

കോട്ടയം: എൻഡിഎ പിടിച്ച വോട്ടുകൾ തങ്ങൾക്ക് ഗുണം ചെയ്യുമെന്നും കോട്ടയത്ത് അഞ്ചിടങ്ങളിൽ ജയം സുനിശ്ചിതമാണെന്നും വിലയിരുത്തി സിപിഎം. ചങ്ങനാശ്ശേരി ഒഴികെയുള്ള ഇടങ്ങളിൽ ഭൂരിപക്ഷം കുറയുമെങ്കിലും വിജയം ഉറപ്പാക്കി കൊണ്ടാണ് വിലയിരുത്തൽ. ചങ്ങനാശ്ശേരിയിൽ സ്ഥാനാർഥി 10000 വോട്ടിനു മേലെയും ഏറ്റുമാനൂരിൽ വി എൻ വാസവൻ 5000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും പാലായിൽ ജോസ് കെ മാണി 2000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നുമാണ് വിലയിരുത്തൽ. അതേസമയം പൂഞ്ഞാറിൽ പി സി ജോർജ് കൂടുതൽ വോട്ട് പിടിക്കുന്നതിനാൽ സെബാസ്റ്റ്യൻ വിജയം ഉറപ്പിക്കും. എൻ ഡി എ പിടിക്കുന്ന ഓരോ വോട്ടും കോൺഗ്രസിന്റെ വോട്ടുകളാണ്. അത് എൽഡിഎഫിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. കാഞ്ഞിരപ്പള്ളിയിൽ എൽഡിഎഫ് സ്ഥാനാർഥി 5000 മുതൽ 10000 വരെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും വൈക്കത്ത് 5000 മുതൽ 9000 വരെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നുമാണ് വിലയിരുത്തൽ.





