04 April, 2026 11:47:20 PM
ഇറച്ചിക്ക് അമിതവില: മണർകാട് സംഘർഷം; ഇറച്ചിക്കട പൂട്ടിച്ച് ഗ്രാമപഞ്ചായത്ത്

കോട്ടയം: ഈസ്റ്റർ പ്രമാണിച്ച് ഇറച്ചിക്ക് അമിത വില ഈടാക്കിയതിനെ കോട്ടയം മണർകാട് സംഘർഷം. ഒരു കിലോ ബീഫിന് എല്ലായിടത്തും 440 രൂപ നിലനിൽക്കെ 500 രൂപാ ഈടാക്കിയതിനെതിരെ പ്രതിഷേധവുമായെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കുനേരെ കടയിലെ ജീവനക്കാർ വാക്കേറ്റം നടത്തുകയും പ്രതിരോധിക്കുകയും ചെയ്തതോടെ സംഘർഷം ഉടലെടുക്കുകയായിരുന്നു.
മാലം വാവത്തിൽ കെ വി സുരേഷിൻ്റെ ഉടമസ്ഥതയിലുളള സ്ഥലത്ത് പ്രവർത്തിക്കുന്ന യൂദാ മീറ്റ് സ്റ്റാളിലാണ് സംഭവം. പ്രശ്‌നം രൂക്ഷമായതിനെ തുടർന്ന് സ്ഥലത്തെത്തിയ ഗ്രാമപഞ്ചായത്ത് അധികൃതരുടെ പരിശോധനയിൽ ഇറച്ചിക്കട ലൈസൻസില്ലാതെ അനധികൃതമായി പ്രവർത്തിക്കുന്നതാണെന്ന് കണ്ടെത്തി.

കേരള പഞ്ചായത്ത് രാജ് ആക്ടിലെ 232-ാം നമ്പർ വകുപ്പ് പ്രകാരം ലൈസൻസ് കൂടാതെയും അതിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾക്ക് അനുസൃതമല്ലാതെയും നടത്തുന്ന സ്ഥാപനം പഞ്ചായത്തിൽ നിന്നും നിയമാനുസൃതം ലൈസൻസ് ലഭ്യമാകുന്നതുവരെ അടച്ചിടാൻ ആവശ്യപ്പെട്ട് കടയുടമ ഏറ്റുമാനൂർ സ്വദേശി ബിജു ജോസഫിനും സ്ഥലമുടമ സുരേഷിനും അധികൃതർ നോട്ടീസ് നൽകി.





