03 December, 2025 06:30:33 PM


കോട്ടയം ജില്ലയിൽ പോളിംഗ് ജോലിക്ക് 9272 ജീവനക്കാർ



കോട്ടയം: ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ പോളിംഗ് ജോലികൾക്ക് 9272 ജീവനക്കാരെ നിയോഗിച്ചു ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഉത്തരവായി. രണ്ടാംഘട്ട റാൻഡമൈസേഷനിലൂടെയാണ് പോളിംഗ് ചുമതലയുള്ള ഉദ്യോഗസ്ഥരുടെ തെരഞ്ഞെടുക്കുന്ന നടപടി പൂർത്തിയാക്കിയത്. 

 നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ എണ്ണം: പ്രിസൈഡിംഗ് ഓഫീസർ: 2318, ഫസ്റ്റ് പോളിംഗ് ഓഫീസർ: 2318, പോളിംഗ് ഓഫീസർ: 4636. ആകെ പോളിംഗ് സ്‌റ്റേഷനുകൾ: 1925.  ഇവരെ ജോലിക്ക് നിയോഗിച്ചുകൊണ്ടുള്ള ഉത്തരവ് വ്യാഴാഴ്ച രാവിലെ എട്ടിന്  സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെ https://www.edrop.sec.kerala.gov.in എന്ന സൈറ്റിൽ പ്രസിദ്ധീകരിക്കും. ഓഫീസ് മേധാവികൾ ഉത്തരവ് ഡൗൺലോഡ് ചെയ്ത് ജീവനക്കാർക്കു കൈമാറണമെന്ന് ജില്ലാകളക്ടർ അറിയിച്ചു.

 ആദ്യഘട്ട റാൻഡമൈസേഷനിൽ ആവശ്യമുള്ളതിനേക്കാൾ 40 ശതമാനം പേരെ കൂടുതലായി ഉൾപ്പെടുത്തിയാണ് പട്ടിക തയാറാക്കിയത്. രണ്ടാം ഘട്ടത്തിൽ ഇതിൽ 20 ശതമാനം പേരെ ഒഴിവാക്കി. ഇ ഡ്രോപ്പ് സോഫ്റ്റ്‌വേറിലൂടെ വിവരങ്ങൾ ശേഖരിച്ചാണ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുത്തത്. 

ആദ്യഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ട മുഴുവൻ ഉദ്യോഗസ്ഥർക്കും നവംബർ 25 മുതൽ 28 വരെ ബ്ലോക്ക് പഞ്ചായത്ത് നഗരസഭാ തലങ്ങളിൽ പരിശീലനം നൽകിയിരുന്നു.

കളക്‌ട്രേറ്റിൽ നടന്ന രണ്ടാംഘട്ട റാൻഡമൈസേഷനിൽ  അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ശ്രീജിത്ത്, ഡെപ്യൂട്ടി കളക്ടർ(ഇലക്ഷൻ) ഷീബാ മാത്യു, ജില്ലാ ഇൻഫർമാറ്റിക്സ് ഓഫീസർ കെ.ആർ. ധനേഷ്  എന്നിവർ പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 929