04 December, 2025 04:00:56 PM
രാഹുൽ യുവതിയെ ക്രൂരമായി പീഡിപ്പിച്ചു, ശരീരത്തിൽ മുറിവുകള്‍; രണ്ടാമത്തെ കേസിലെ എഫ്ഐആര്‍

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ പോലീസ് രജിസ്റ്റര്‍ ചെയ്ത് എഫ്ഐആറിലെ വിവരങ്ങള്‍ പുറത്ത്. 2023ലാണ് രാഹുൽ മാങ്കൂട്ടത്തിൽ യുവതിയുമായി ബന്ധം സ്ഥാപിച്ചതെന്നും ക്രൂരപീഡനമാണ് നടന്നതെന്നുമാണ് എഫ്ഐആറിൽ പറയുന്നത്. പ്രതിപ്പട്ടികയിൽ രാഹുൽ മാത്രമാണുള്ളത്.
എഫ്ഐആറിലെ വിവരങ്ങൾ ഇങ്ങനെ. ഫെന്നി നൈനാൻ ഓടിച്ച കാറിൽ പെണ്‍കുട്ടിയെ മറ്റൊരു സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു. യുവതിയുടെ ശരീരത്തിൽ നിരവധി മുറിവുകള്‍ ഉണ്ടായി. ഇരയുടെ ടെലിഗ്രാം നമ്പര്‍ വാങ്ങിയശേഷം വ്യാജ വാഗ്ദാനങ്ങള്‍ നൽകി പരാതിക്കാരിയെ പീഡിപ്പിക്കുകയായിരുന്നു. വിവാഹം കഴിക്കാമെന്ന് വ്യാജ വാഗ്ദാനം നൽകി അവധിക്ക് യുവതി നാട്ടിലെത്തിയപ്പോള്‍ ഭാവികാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഒറ്റപ്പെട്ടയിടത്തെ ഹോം സ്റ്റേയിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്നും എഫ്ഐആറിൽ പറയുന്നു.
ബലാത്സംഗ വകുപ്പ് ചുമത്തി ക്രൈംബ്രാഞ്ചാണ് രണ്ടാമത്തെ പരാതിയിൽ കേസെടുത്തിരിക്കുന്നത്. ഡിവൈഎസ്‍പി സജീവനാണ് അന്വേഷണ ചുമതല. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. കേരളത്തിന് പുറത്ത് താമസിക്കുന്ന 23കാരി ഇ-മെയിലായിട്ടാണ് സോണിയാ ഗാന്ധിക്കും കെപിസിസി അധ്യക്ഷനും പരാതി നൽകിയത്. ഇന്‍സ്റ്റഗ്രാമിലൂടെയുള്ള സൗഹൃദത്തിലൂടെ രാഹുൽ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും പിന്നീട് വിവാഹം കഴിക്കില്ലെന്ന് പറഞ്ഞ് വഞ്ചിച്ചെന്നുമാണ് പരാതി. അനുവാദം കൂടാതെ ക്രൂരമായി ബലാത്സംഗം ചെയ്തെന്നും പരാതിയിലുണ്ട്.






