06 December, 2025 11:05:15 AM
ബലാത്സംഗക്കേസിൽ രാഹുലിൻ്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എയുടെ ഹൈക്കോടതി. രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മുൻകൂർ ജാമ്യഹർജിയിലാണ് കോടതിയുടെ നിർദേശം. കേസ് പരിഗണിക്കുന്ന ഈ മാസം 15 വരെയാണ് ജസ്റ്റിസ് കെ.ബാബു അറസ്റ്റ് തടഞ്ഞിരിക്കുന്നത്. കേസിൽ വിശദമായി വാദം കേൾക്കണമെന്ന് വ്യക്തമാക്കിയ കോടതി കേസ് ഡയറി ഹാജരാക്കാനും നിര്‍ദേശിച്ചു.
തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. പിന്നാലെയാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നെന്നും ബന്ധത്തിൽ വിള്ളലുണ്ടായപ്പോൾ യുവതി പരാതി നൽകിയതാണെന്നുമാണ് ഹർജിയിൽ പറഞ്ഞിരിക്കുന്നത്. ആരോപണം ബലാൽസംഗ കുറ്റത്തിന്റെ നിർവചനത്തിൽ വരുന്നതല്ല. ഗർഭഛിദ്രം നടത്തിയെന്ന ആരോപണം തെറ്റിദ്ധരിപ്പിക്കാനാണ്. ഇക്കാര്യത്തിൽ തന്റെ പക്കൽ മതിയായ തെളിവുകളുണ്ട്.
യുവതി മുഖ്യമന്ത്രിക്കാണ് പരാതി നൽകിയത്. അതിനാൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്നും രാഹുൽ ഹർജിയിൽ പറയുന്നു. യുവതിയെ ഗര്‍ഭച്ഛിദ്രത്തിന് താന്‍ നിര്‍ബന്ധിച്ചിട്ടില്ല. തനിക്കെതിരായ പരാതി സിപിഎം- ബിജെപി ഗൂഢാലോചനയുടെ ഫലമാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു.
അതേസമയം, പത്താം ദിവസവും രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ തുടരുകയാണ്. രാഹുലിനെ കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്. രാഹുലിന്റെ ഒളിസങ്കേതം ഇനിയും കണ്ടെത്താനായിട്ടില്ല. ഒളിവു വാസത്തിനിടെ പല തവണ മൊബൈല്‍ ഫോണും കാറും രാഹുല്‍ മാങ്കൂട്ടത്തില്‍ മാറി ഉപയോഗിക്കുന്നുണ്ട്. എംഎല്‍എയുടെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. പാലക്കാടു നിന്നു മുങ്ങിയപ്പോള്‍ ഇരുവരും രാഹുലിനൊപ്പം ഉണ്ടായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.






