28 December, 2025 07:09:42 PM


റോഡിൽ മറിഞ്ഞു കിടന്ന വാനിൽ ബൈക്കിടിച്ചു; മാളയിൽ 60കാരന് ദാരുണാന്ത്യം



മാള: തൃശൂ‍ർ മാള വടമയിൽ ഇന്ന് പുലർച്ചെ ഉണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. മാള പള്ളിപ്പുറം സ്വദേശിയായ കളത്തിൽ വീട്ടിൽ തോമസ് (60) ആണ് മരിച്ചത്.  ഇന്ന്പുലർച്ചെ 5മണിയോടെയാണ് അപകടം നടന്നത്. ചാലക്കുടി കോട്ടാറ്റ് ഭാഗത്തുനിന്ന് മാള ഭാഗത്തേക്ക് പോകുകയായിരുന്ന പിക്കപ്പ് വാഹനം വടമ സ്കൂളിന് സമീപം എത്തിയപ്പോൾ നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി പോസ്റ്റിലും മതിലിലും ഇടിച്ച് മറിഞ്ഞു. തുടർന്ന് വാഹനം മറിഞ്ഞ നിലയിൽ റോഡിൽ കിടക്കുകയായിരുന്നു. അപകടവിവരം അറിഞ്ഞതോടെ കെഎസ്ഇബി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഇതിനിടെ, തോംസൺ കമ്പനിയുടെ കോഴിഫാമിൽ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് പുലർച്ചെ ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന തോമസ്, റോഡിൽ മറിഞ്ഞു കിടന്ന പിക്കപ്പ് വാഹനത്തിൽ ഇടിക്കുകയായിരുന്നു. 

വെളുപ്പിന് ആയതിനാൽ റോഡിൽ മറിഞ്ഞുകിടന്ന വാഹനം ശ്രദ്ധയിൽപ്പെടാതിരുന്നതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഗുരുതരമായി പരിക്കേറ്റ തോമസിനെ കെഎസ്ഇബി ജീവനക്കാർ തങ്ങളുടെ വാഹനത്തിൽ ഉടൻ മാളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  അപകടത്തിൽപ്പെട്ട പിക്കപ്പ് വാനിലുണ്ടായിരുന്ന ഇളന്തിക്കര സ്വദേശികളായ അശ്വിൻ, നിതിൻ, ആൽഡ്രിൽ എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ മാളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച തോമസിന്റെ ഭാര്യ ഷിജി കുവൈറ്റിലാണ്. മക്കൾ: ജോയിലിൻ, ജെറാഡ്.
 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 912