30 December, 2025 03:57:35 PM


ശബരിമല സ്വര്‍ണക്കടത്ത്; കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തു



തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത് രണ്ടുമണിക്കൂര്‍. ശനിയാഴ്ച എസ്‌ഐടി ഓഫീസില്‍ വിളിച്ചുവരുത്തിയാണ് പ്രത്യേക അന്വേഷണം സംഘം കടകംപള്ളിയെ ചോദ്യം ചെയ്തത്. മുന്‍ ദേവസ്വം മന്ത്രി എന്ന നിലയിലായിരുന്നു ചോദ്യങ്ങളെന്നും അറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞുവെന്നും കടകംപള്ളി സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. മൊഴി നല്‍കിയതില്‍ ആരെയും പഴി ചാരിയിട്ടില്ലെന്നും ആരെയെങ്കിലും കുറ്റപ്പെടുത്താന്‍ തനിക്ക് ഇതേക്കുറിച്ച് എന്തെങ്കിലും അറിവുവേണ്ടോയെന്നും കടകംപള്ളി ചോദിച്ചു. എന്നാല്‍ കൂടുതല്‍ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ മുന്‍ മന്ത്രി തയ്യാറായില്ല.

അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ മൊഴിയനുസരിച്ചാണ് അന്വേഷണസംഘം കടകംപള്ളിയുടെയും മൊഴി രേഖപ്പെടുത്തിയതെന്നാണ് വിവരം. സ്വര്‍ണക്കവര്‍ച്ച കേസില്‍ അന്വേഷണം മുകള്‍ത്തട്ടിലേക്ക് എത്തുന്നില്ലെന്നും കടകംപള്ളി ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്യാന്‍ വൈകുന്നു എന്നുമുള്ള ആക്ഷേപങ്ങള്‍ ഉയരുന്നതിനിടെയാണ് എസ്ഐടിയുടെ നിര്‍ണായക നീക്കം. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്തിനെയും എസ്‌ഐടി ചോദ്യം ചെയ്തു. സ്വര്‍ണക്കൊള്ള നടന്ന സമയത്ത് ദേവസ്വം മന്ത്രി എന്ന നിലയിലാണു ചോദ്യം ചെയ്തതെന്നാണ് അന്വേഷണ സംഘം നല്‍കുന്ന വിവരം.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 939