12 January, 2026 03:54:42 PM


കോടതിയിൽ വന്നാല്‍ ഉറക്കം പതിവ്; അതിജീവിതയുടെ അഭിഭാഷകയ്‌ക്കെതിരേ വിചാരണക്കോടതി



കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി ബി മിനിക്കെതിരെ അതിരൂക്ഷ വിമർശനവുമായി വിചാരണ കോടതി. വിചാരണ സമയത്ത് പത്ത് ദിവസത്തിൽ താഴെ മാത്രമാണ് അഭിഭാഷക കോടതിയിൽ എത്തിയത്. അരമണിക്കൂർ മാത്രമാണ് അഭിഭാഷക കോടതിയിൽ ഉണ്ടാകാറുള്ളത്. ആ സമയം ഉറങ്ങുകയാണ് പതിവെന്നും കോടതി വിമർശിച്ചു.

വിശ്രമസ്ഥലം എന്ന രീതിയിലാണ് അഭിഭാഷക കോടതിയിൽ എത്താറുള്ളത്. എന്നിട്ടാണ് കോടതി അത് കേട്ടില്ല, പരിഗണിച്ചില്ല എന്ന് പറയാറുള്ളതെന്നും കോടതി വിമർശിച്ചു. കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് വിമർശനം. അതിജീവിതയുടെ അഭിഭാഷക ഇന്നും ഹാജരായിരുന്നില്ല. എന്നിട്ട് 'കോടതി അത് കേട്ടില്ല, പരിഗണിച്ചില്ല' എന്നാണ് പറയാറുള്ളതെന്നും കോടതി വിമര്‍ശിച്ചു.

എന്നാല്‍ ഇത് കോടതിയുടെ അപക്വമായ പ്രസ്താവനയായി മാത്രമാണ് കാണുന്നതെന്നും താന്‍ കഴിഞ്ഞ 5 വര്‍ഷമായി ഈ കേസുമായി നടന്ന ഒരാളാണെന്നും ടി ബി മിനി പ്രതികരിച്ചു. പബ്ലിക് പ്രോസിക്യൂട്ടര്‍ പറയട്ടെ താന്‍ പോയിട്ടില്ലെന്ന്. ഹൈക്കോടതി പറയട്ടെ. കേസ് കോടതിയില്‍ തീര്‍ന്നതാണ്. ഇന്ന് പരിഗണിക്കുന്നത് കോടതിയലക്ഷ്യ ഹര്‍ജികളാണ്. അതില്‍ സീനിയറായ ഞാന്‍ തന്നെ പോകണമെന്നില്ല. ജൂനിയര്‍ അഭിഭാഷക പോയിട്ടുണ്ട്. എനിക്ക് ഹൈക്കോടതിയില്‍ മറ്റൊരു കേസിന്റെ വാദം നടക്കുകയാണ്. അതുമായി ബന്ധപ്പെട്ട് പോയേ മതിയാകൂ. കോടതി ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നതിനോട് എന്ത് പറയാനാണെന്നും ടി ബി മിനി പ്രതികരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K