14 January, 2026 07:02:49 PM
ജഡ്ജി പരസ്യമായി അപമാനിച്ചു; ടി.ബി.മിനി ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ അഭിഭാഷക ടി ബി മിനി ഹൈക്കോടതിയില്‍. വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസിനെതിരെയാണ് ടി ബി മിനി കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തത്. ജഡ്ജി അപമാനിച്ചെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. കേസില്‍ 10 താഴെ ദിവസങ്ങളില്‍ മാത്രമാണ് ടി ബി മിനി കോടതിയില്‍ ഹാജരായുള്ളൂവെന്നും ഉള്ളപ്പോഴാകട്ടെ ഉറങ്ങുകയായിരുന്നുമെന്നുമാണ് ജഡ്ജി കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുന്നതിനിടയില്‍ പറഞ്ഞത്. ഇത് മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് ജഡ്ജിക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്.
അതിജീവിതയുടെ അഭിഭാഷകരെ പരസ്യമായി അപമാനിക്കുന്നത് പതിവ് രീതിയെന്നും ഹര്‍ജിയിലുണ്ട്. കോടതിയില്‍ ഉണ്ടാകുമ്പോള്‍ ഉറങ്ങുന്നതാണ് പതിവ്. വിശ്രമസ്ഥലം എന്ന രീതിയിലാണ് അഭിഭാഷക കോടതിയെ കാണുന്നത്. എന്നിട്ടാണ് പുറത്തുപോയി കോടതിയെ വിമര്‍ശിക്കുന്നതെന്നും കോടതി വിമര്‍ശിച്ചിരുന്നു.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയായിരുന്നു വിചാരണ കോടതിയുടെ വിമര്‍ശനം. അന്ന് കോടതിയില്‍ ടിബി മിനി ഹാജരായിരുന്നില്ല. ടി ബി മിനി എത്തിയിട്ടില്ലേയെന്ന് ചോദിച്ചുകൊണ്ടാണ് കോടതി വിമര്‍ശനം ഉന്നയിച്ചത്. വിശ്രമിക്കാനാണോ കോടതിയില്‍ വരുന്നതെന്നും ഇങ്ങനെയൊക്കെ ചെയ്തശേഷമാണ് പുറത്തുപോയി കോടതിയെ വിമര്‍ശിക്കുന്നതെന്നും വിചാരണക്കോടതി വിമര്‍ശിച്ചിരുന്നു. ഇതിനെതിരെയാണ് ടിബി മിനി ഹര്‍ജിയുമായി മുന്നോട്ട് പോവുന്നത്.






