15 January, 2026 04:26:25 PM
മൂന്നാമത്തെ ബലാത്സംഗ കേസ്; രാഹുല്‍ മാങ്കൂട്ടത്തില്‍ റിമാന്‍ഡില്‍

പത്തനംതിട്ട: ബലാത്സംഗക്കേസിലെ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോടതി വീണ്ടും റിമാന്‍ഡ് ചെയ്തു. രാഹുലിനെ മാവേലിക്കര സബ് ജയിലിലാക്കി. കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടര്‍ന്നാണ് പ്രത്യേക അന്വേഷണ സംഘം രാഹുലിനെ പത്തനംതിട്ട മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയത്. ചോദ്യം ചെയ്യലില്‍ നിസഹകരണം തുടരുന്ന രാഹുലിനെ വീണ്ടും കസ്റ്റഡിയില്‍ എസ്‌ഐടി ആവശ്യപ്പെട്ടില്ല.
കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പ് രാഹുല്‍ മാങ്കൂട്ടത്തിലിനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ആശുപത്രിയില്‍ വെച്ച് യുവജന സംഘടന പ്രവര്‍ത്തകര്‍ രാഹുലിനെതിരെ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധം കണക്കിലെടുത്ത് പൊലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. മൂന്നു ദിവസത്തേക്കാണ് രാഹുലിനെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നത്.
രാഹുല്‍ സമർപ്പിച്ച ജാമ്യഹര്‍ജി കോടതി നാളെ പരിഗണിക്കും. അതേസമയം അതിജീവിതയുടെ രഹസ്യമൊഴി ശേഖരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കേസില്‍ രാഹുലിനെ ഫോണ്‍ എസ്‌ഐടി കസ്റ്റഡിയിലെടുത്തിരുന്നു. ഇതില്‍ ഐഫോണിന്റെ പാസ് വേര്‍ഡ് കൈമാറിയിരുന്നില്ല. സൈബര്‍ വിദഗ്ധര്‍ അടങ്ങുന്ന സംഘത്തെക്കൊണ്ട് ഈ ഫോണുകള്‍ വിശദമായി പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.






