15 January, 2026 08:24:22 PM
'സ്പെയിനിൽ 8 മാസം കാത്തിരിക്കണം, ഇവിടെ 10 മിനിറ്റ്'; ആലപ്പുഴ ജനറൽ ആശുപത്രിയെ പുകഴ്‌ത്തി സോളോ ട്രാവലർ

ആലപ്പുഴ: കേരളത്തിന്റെ ആരോഗ്യ മേഖലയെ പുകഴ്ത്തി സ്‌പെയിനില്‍ നിന്ന് എത്തിയ സോളോ ട്രാവലര്‍. ആലപ്പുഴയിലെ ജനറല്‍ ആശുപത്രിയില്‍ എത്തിയ അനുഭവമാണ് സഞ്ചാരിയായ വെറോനിക്ക തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്. സത്യത്തില്‍ ഇത് വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നും അവര്‍ വ്യക്തമാക്കുന്നു. ഒരു സര്‍ക്കാര്‍ ആശുപത്രി ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നത് തന്നെ സംബന്ധിച്ച് അവിശ്വസനീയമായ കാര്യമാണെന്നും വെറോനിക്ക പറയുന്നു. ഇന്ത്യയില്‍ മുഴുവന്‍ സ്ഥലത്തും ഇത്തരത്തിലാണോ എന്ന് തനിക്ക് അറിയില്ലെന്നും അവര്‍ പറഞ്ഞു.
തന്റെ നാടായ സ്‌പെയിനില്‍ ഒരു ഡെര്‍മറ്റോളജിസ്റ്റിനെ കാണണമെങ്കില്‍ ഏകദേശം എട്ടു മാസത്തോളം കാത്തിരിക്കണം. എന്നാല്‍, ഇന്ത്യയില്‍ നേരത്തെ ബുക്കിങ് എടുക്കണ്ട!. നേരെ ആശുപത്രിയിലേക്ക് എത്തുക. റജിസ്റ്റര്‍ ചെയ്യുക. അതിനു ശേഷം പത്തു മിനിറ്റില്‍ താഴെ മാത്രമാണ് ഡെര്‍മറ്റോളജിസ്റ്റിനെ കാണാന്‍ വേണ്ടി കാത്തിരിക്കേണ്ടത്. ഇതെല്ലാം ഒരു സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവിച്ചത് എന്നതാണ് ഏറ്റവും വലിയ കാര്യമെന്നും അവര്‍ വ്യക്തമാക്കുന്നു.
ആലപ്പുഴയിലെ ജനറല്‍ ആശുപത്രിയില്‍ ആയിരുന്നു ഡെര്‍മറ്റോളജിസ്റ്റിനെ കാണാനായി വെറോനിക എത്തിയത്. അതേസമയം, കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് ഉണ്ടായ അനുഭവം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് പ്രതീക്ഷിക്കരുതെന്ന് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. 'ഇന്ത്യയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലെ അനുഭവം' എന്ന അടിക്കുറിപ്പോടെയാണ് വെറോനിക വിഡിയോ പങ്കുവച്ചിരിക്കുന്നത്. സോളോ ട്രാവലറായ വെറോനിക കഴിഞ്ഞ കുറച്ചു കാലങ്ങളായി ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ യാത്ര നടത്തി വരികയാണ്. ലക്ഷക്കണക്കിന് ആളുകളാണ് ഇതിനകം വെറോനികയുടെ ഈ റീല്‍ കണ്ടിരിക്കുന്നത്.






