16 January, 2026 04:08:31 PM


ഉണ്ണികൃഷ്ണൻ പോറ്റിയെ ക്ഷണിച്ചിട്ടില്ല; ശബരിമല സ്വർണകൊള്ള പുറത്ത് വന്നത് അയ്യപ്പ സംഗമത്തിലൂടെ - അഡ്വ. പി.എസ്. പ്രശാന്ത്



തിരുവനന്തപുരം: ശബരിമല സ്വർണകൊള്ളയുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങൾ തെറ്റിദ്ധാരണാപരമായ  വാർത്തകൾ പരത്തുവാൻ ശ്രമിക്കുന്നുവെന്ന് ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് അഡ്വ. പി.എസ്. പ്രശാന്ത്. ഹൈകോടതിയുടെ നിരീക്ഷണത്തിൽ എസ് ഐ ടി അന്വേഷണം മികച്ച രീതിയിൽ പുരോഗമിക്കുകയണെന്നും അദ്ദേഹം പറഞ്ഞു.

ഈ കേസിലെ പ്രധാന പ്രതികളായ ഉണ്ണികൃഷ്ണൻപോറ്റി, ഗോവർദ്ധൻ, പങ്കജ് ഭണ്ഡാരി എന്നിവർ ഉൾപ്പെടെ
റിമാൻഡിൽ കഴിയുന്നവരെക്കുറിച്ച് ഗൗരവമായ അന്വേഷണം പുരോഗമിക്കുകയാണ്. അയ്യപ്പഭഗവാൻ്റെ ഒരു തരി പൊന്നു പോലും നഷ്ടമാവരുതെന്നും അങ്ങനെ ചെയ്തവർ ആരായാലും അവരെ പിടികൂടി നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണമെന്നുമാണ്  ഈ കേസിൽ തുടക്കം മുതലേ സർക്കാരിൻ്റേയും ദേവസ്വം ബോർഡിൻ്റേയും നിലപാട്. സെപ്റ്റംബർ 20ന് ദേവസ്വം ബോർഡ് സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ ക്ഷണിച്ചിട്ട് പോലും ഉണ്ടായിരുന്നില്ല എന്നുള്ളത് ഈ ബോർഡിന് ഇത്തരം ആളുകളുമായി ബന്ധമില്ലായിരുന്നു എന്നതിന് തെളിവാണ്. അതുകൊണ്ടാണ് ആഗോള അയ്യപ്പ സംഗമത്തിന് മുന്നോടിയായി ഉണ്ണികൃഷ്ണൻ പോറ്റി ഇങ്ങനെയൊരു വെളിപ്പെടുത്തൽ നടത്തുന്നതും അത് പോറ്റിയ്ക്ക് തന്നെ കുരുക്കായി മാറുകയും ചെയ്തത്. സത്യത്തിൽ അയ്യപ്പ സംഗമത്തിലൂടെയാണ് ഈ സ്വർണ്ണക്കൊള്ള പുറത്ത് വരുന്നത്. പ്രശാന്ത് തൻ്റെ വിശദീകരണ കുറിപ്പിൽ പറയുന്നു.

2025ൽ ദ്വാരകപാലക ശിൽപ്പങ്ങളുടെ  അറ്റക്കുറ്റ പണിക്കായി കൊണ്ട് പോയതിനെ സംബന്ധിച്ചും വസ്തുതാവിരുദ്ധമായ കാര്യങ്ങൾ ചില മാധ്യമങ്ങൾ നിരന്തരം പ്രചരിപ്പിക്കുകയാണ്. കട്ടിളപ്പാളികളുമായും ദ്വാരപാലക ശിൽപ്പങ്ങളുമായും ബന്ധപ്പെട്ട് 2019ൽ നടന്ന രണ്ട് ക്രൈമുകളെക്കുറിച്ചാണ് ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ ഇപ്പോൾ SIT പ്രധാനമായും അന്വേഷിച്ച് കൊണ്ടിരിക്കുന്നത്. 2019 ലെ വീഴ്ച്ചകളെക്കുറിച്ച് ദേവസ്വം വിജിലൻസ് എസ് പി തയ്യാറാക്കിയ റിപ്പോർട്ട് അനുസരിച്ചാണ് ക്രൈമുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 

മഹസറിൽ ക്യത്യമായ വിവരങ്ങൾ രേഖപ്പെടുത്താതെയും മനുവൽ ചട്ടങ്ങൾക്ക് വിരുദ്ധമായും സുതാര്യമല്ലാതെയും ഉണ്ണികൃഷ്ണൻ പ്പോറ്റിയുടേയും സംഘത്തിൻ്റേയും കൈയ്യിൽ നേരിട്ട് കൊടുത്ത് വിട്ട് അപഹരണത്തിന് സൗകര്യവും സാഹചര്യവും ഒരുക്കിയെന്നും ഒരു ദേവസ്വം ഉദ്യോഗസ്ഥൻ്റേയും സാന്നിധ്യം പോലും ഉണ്ടായിരുന്നില്ലെന്നും 2019ലെ വീഴ്ചകളെക്കുറിച്ച് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇങ്ങനെ സ്വർണ്ണം കവരാൻ അവസരമുണ്ടാക്കുക വഴി ദേവസ്വം ബോർഡിന് നഷ്ട്ടമുണ്ടാക്കിയെന്നും ചൂണ്ടികാണിക്കപ്പെടുന്നു. 

ഈ വീഴ്ച്ചകളെ ആസ്പദമാക്കിയാണ് ഇപ്പോൾ അന്വേഷണം നടക്കുന്നതെന്നും ഇതിൻ്റെ കൂടുതൽ കാര്യങ്ങൾ SIT അന്വെഷിച്ച് കണ്ടെത്തട്ടേയെന്നും പ്രശാന്ത് പറയുന്നു.

എന്നാൽ 2025 ൽ അങ്ങനെ ആയിരുന്നില്ല നടപടികൾ. ഉണ്ണികൃഷ്ണൻ പോറ്റി തന്നെ ചെന്നൈ സ്മാർട്ട് ക്രിയേഷനിലേയ്ക്ക് നേരിട്ട് കൊണ്ട് പോകാം എന്ന് ആവശ്യപ്പെട്ടിട്ടും  തിരുവാഭരണ കമ്മീഷണർ ഉൾപ്പടെയുള്ള ബോർഡ് ഉദ്യോഗസ്ഥരോ ദേവസ്വം ബോർഡോ അതിന് അനുമതി നൽകിയില്ല. ദ്വാരപാലക പുന:രുദ്ധാരണത്തിനായി ചെന്നെയിലേയ്ക്ക് കൊണ്ട് പോകുമ്പോൾ ഉണ്ണിക്യഷ്ണൻ പോറ്റിക്ക് അത് കണി കാണുവാനുള്ള അവസരം പോലും ബോർഡോ ഉദ്യോഗസ്ഥരോ നൽകിയിട്ടില്ല. പകരം തിരുവാഭരണ കമ്മിഷണറുടെ നേതൃത്വത്തിൽ ദേവസ്വം വിജിലൻസ് & സെക്യൂരിറ്റി, ശബരിമല എക്സിക്യൂട്ടീവ് ആഫീസർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, ദേവസ്വം സ്മിത്ത്, ഗാർഡുമാർ അങ്ങനെ പത്തോളം ദേവസ്വം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ക്യത്യമായ മഹസർ തയ്യാറാക്കി വീഡിയോ ചിത്രീകരണം നടത്തി സുരക്ഷിത വാഹനത്തിലാണ് ചെന്നയിലെ സ്മാർട്ട് ക്രിയേഷിനിൽ എത്തിച്ചത്. അറ്റക്കുറ്റപണികൾ തീർത്ത് തിരികെ കൊണ്ട് വരുന്നത് വരെ ദേവസ്വം ഉദ്യോഗസ്ഥരുടെ സാന്നിധ്യവും ഉണ്ടായിരുന്നു. അതു കൊണ്ട് തന്നെ
ഉണ്ണിക്യഷ്ണൻ പോറ്റിക്കും സംഘത്തിനും അപഹരണത്തിനുള്ള ഒരു അവസരവും ഉണ്ടായിട്ടില്ല.

ക്യത്യമായ മഹസർ പ്രകാരം 12 പാളികളിലായി ആകെ തൂക്കം 22.833 കിലോഗ്രാം അതിൽ സ്വർണ്ണത്തിൻ്റെ ഭാരം 281.200 ഗ്രാം എന്നിങ്ങനെ ക്യത്യമായി രേഖപ്പെടുത്തി തികച്ചും സുതാര്യമായിട്ടാണ് കൊണ്ട് പോയത്. ഹൈക്കോടതിയുടെ  SSCR 23/2025 ഉത്തരവ് പ്രകാരം തിരിച്ച് ദ്വാരപാലക ശില്പങ്ങൾ 2025 ഓക്ടോബർ 17 ന് സ്പെഷ്യൽ കമ്മീഷണറുടെ സാന്നിധ്യത്തിൽ  ശബരിമലയിൽ  പുന:സ്ഥാപിക്കുകയും ചെയ്തു. അപ്പോഴും  കൃത്യമായ മഹസർ തയ്യാറാക്കിയിരുന്നു.
പ്രസ്തുത മഹസർ പ്രകാരം ഇപ്പോൾ സന്നിധാനത്തെ ദ്വാരപാലക ശിൽപ്പങ്ങളുടെ ആകെത്തൂക്കം 22.876  Kg ആയും അതിൽ സ്വർണ്ണത്തിൻ്റെ അളവ് 290.698 ഗ്രാമായും വർധിച്ചിരിക്കുന്നു. ആകെ തൂക്കം 43 ഗ്രാം ആയും സ്വർണ്ണത്തിൻ്റെ അളവ്  9.498 ഗ്രാം ആയും വർധിച്ചു.

ദേവസ്വം ഡിപ്പാർട്ട് മെൻ്റിനോ ശബരിമലയിലെ സ്വർണ്ണത്തിനോ ഒരു ചില്ലിക്കാശിൻ്റെ നഷ്ട്ടം പോലും ഈ ബോർഡിൻ്റെ കാലത്ത് ഉണ്ടായിട്ടില്ല. ദ്വാരപാലക ശിൽപ്പങ്ങൾ അഴിച്ചെടുക്കുന്ന 2025 സെപ്റ്റംബർ എഴാം തിയതിയ്ക്ക് മുൻപ് മുൻകൂട്ടി സ്പെഷ്യൽ കമ്മിഷണറുടെ അനുമതി വാങ്ങിയില്ല എന്നത് കൃത്യവിലോപമാണ്..അതിന് ബോർഡ്‌ സെക്രട്ടറി കോടതി മുൻപാകെ മാപ്പ് അഭ്യർത്ഥിക്കുകയും ചെയ്തു.

പക്ഷേ അപ്പോഴും ബോർഡിൻ്റെ ഒരു തരി സ്വർണ്ണമോ പണമോ  അപഹരിക്കുവാനോ കവർന്നെടുക്കുവാനോ ആരേയും അനുവദിക്കാൻ പാടില്ല എന്ന ബോർഡിൻ്റെ നിശ്ചയദാർഢ്യമാണ് ഇത്രയും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ വീഡിയോ ചിത്രീകരണമുൾപ്പെടെ നടത്തി തികച്ചും സുതാര്യമായി സുരക്ഷിത വാഹത്തിൽ ചെന്നയിലേയ്ക്ക് കൊണ്ട് പോകാൻ ഇടയാക്കിയത്. 

സന്നിധാനത്ത് നിന്' ദ്വാരപാലക ശിൽപ്പങ്ങൾ ഇളക്കിയെടുക്കുന്നത് മുതൽ സ്മാർട്ട് ക്രിയേഷനിൽ കൊണ്ട് പോയി ദ്വാരപാലക ശിൽപ്പത്തിൻ്റെ പ്രോസസിംഗ് ഉൾപ്പെടെ സന്നിധാനത്ത് തിരികെ കൊണ്ട് വന്ന് പുന:സ്ഥാപിക്കുന്നത് വരെയുള്ള മുഴുവൻ വീഡിയോ ദൃശ്യങ്ങളും  ക്യത്യമായും ചിത്രീകരിച്ചിട്ടുണ്ട്. സന്നിധാനത്ത് നിന്നും ഇളക്കിയെടുക്കുമ്പോഴും ചെന്നെയിൽ ശിൽപ്പങ്ങൾ പ്രോസസ്സിംഗ് ചെയ്യുമ്പോഴും തിരികെ സന്നിധാനത്ത് പുന:സ്ഥാപിക്കുമ്പോഴും കൃത്യമായ വിവരങ്ങൾ മഹസറിൽ രേഖപ്പെടത്തിയിരുന്നു.

ഇവിടങ്ങളിലെല്ലാം തിരുവാഭരണം കമ്മീഷണർ ഉൾപ്പെടെയുള്ള ദേവസ്വം ഉദ്യോഗസ്ഥരുടെ സാന്നിധ്യവും ഉണ്ടായിരുരുന്നു. 
അതു കൊണ്ട് തന്നെ മറ്റൊരാൾക്കും സ്വർണ്ണം അപഹരിക്കാനോ തട്ടിയെടുക്കാനോ എന്തിന് ഒന്ന് തൊടാനോ ഉള്ള അവസരം പോലും ഞങ്ങളുടെ ഉദ്യോഗസ്ഥർ ഉണ്ടാക്കിയിട്ടില്ല. 
ആരെയെങ്കിലും സഹായിക്കാനായിരുന്നുവെങ്കിൽ ഇതൊന്നും ചെയ്യേണ്ടിയിരുന്നില്ല.

ദ്വാരപാലക ശിൽപം, ദിക് പാലകൻമാർ  തുടങ്ങിയവ ശ്രീകോവിലിൻ്റെ ഭാഗമല്ലാത്തത്  കൊണ്ട് തന്നെ പുനരുദ്ധാരണത്തിനായി പുറത്തേയ്ക്ക് കൊണ്ട് പോകാമെന്നും എന്നാൽ വാതിൽപ്പാളി,കട്ടിള, കമാനം,ലക്ഷ്മി രൂപം എന്നിവ ക്ഷേത്രസങ്കേതത്തിൽ വച്ച് തന്നെ പുന:രുദ്ധാരണം ചെയ്യണം എന്ന തന്ത്രിയുടെ രേഖാമൂലമായ കത്തിൻ്റെ അടിസ്ഥാനത്തിലാണ് ബോർഡ് കൃത്യമായ തീരുമാനം എടുത്തത്. 
തന്ത്രിയുടെ നിർദ്ദേശവും അനുജ്ഞയും കൃത്യമായ ആചാരങ്ങളും പാലിച്ചുകൊണ്ട് തന്നെയാണ് ദ്വാരപാലക ശിൽപം ചെന്നെയിലേയ്ക്ക് കൊണ്ട് പോയത്. എന്നാൽ വാതിൽപ്പാളിയും ലക്ഷ്മി രൂപവും ക്ഷേത്രസങ്കേതത്തിൽ വച്ച് തന്നെ പുന:രുദ്ധാരണം നടത്തണമെന്ന വ്യക്തമായ ഉത്തരവ് ബോർഡ്‌ നൽകിയതും.

          ബഹു ഹൈക്കോടതി ദേവസ്വം ബെഞ്ചിൻ്റെ നിരീക്ഷണത്തിൽ SIT അന്വേഷണത്തിലൂടെയാണ് ഉണ്ണിക്കൃഷ്ണൻ പോറ്റിയുടേയും സംഘത്തിൻ്റേയും തട്ടിപ്പ് പുറത്ത് വരുന്നത്.അതിന് മുൻപ് 2019 മുതൽ ഇങ്ങോട്ട് ദേവസ്വം ബോർഡിൻ്റെ ഉദ്യോഗസ്ഥരോ മറ്റേതെങ്കിലും അധികാരികളോ ഉണ്ണികൃഷ്ണൻ പോറ്റിയെക്കുറിച്ചോ സ്മാർട്ട് ക്രിയേഷനെക്കുറിച്ചോ ഒരു നെഗറ്റീവ് റിപ്പോർട്ടും ബോർഡിന് മുന്നിൽ നൽകിയിരുന്നില്ല. 

കേവലം രണ്ട് വർഷത്തെ കാലാവധിയിൽ വരുന്ന ബോർഡ് അംഗങ്ങൾ 5 വർഷത്തെ മുൻ ഫയലുകൾ പരിശോധിക്കുക എന്നത് പ്രായോഗികമല്ല. ബോർഡിന് മുന്നിലെത്തുന്ന ഉദ്യോഗസ്ഥർ സമർപ്പിക്കുന്ന ബോർഡ്‌ നോട്ട് മുഖവിലയ്ക്കെടുക്കയേ സാധ്യമാകു.
മാത്രമല്ല ഇതുമായി ബന്ധപ്പെട്ട് ഏതെങ്കിലും ഉദ്യോഗസ്ഥൻ്റെ റിപ്പോർട്ട് ഉണ്ടായിരുന്നുവെങ്കിൽ ദ്വാരപാലക ശിൽപ്പങ്ങളുടെ നവീകരണത്തിനായി ഉണ്ണികൃഷ്ണൻ പോറ്റി സ്പോൻസർ ചെയ്ത  കേവലം മൂന്ന് പവൻ സ്വർണ്ണം പോലും  ഞങ്ങൾ സ്വീകരിക്കുമായിരുന്നില്ല.അയാളെ ബ്ലാക്ക് ലിസ്റ്റിൽ പെടുത്തുകയും ചെയ്തേനെ.നിർഭാഗ്യവശാൽ അത്തരം ഒരു ഉദ്യോഗസ്ഥ റിപ്പോർട്ടും ബോർഡിന് മുന്നിൽ ഉണ്ടായിരുന്നേയില്ല. 

ഉണ്ണികൃഷ്ണൻ പോറ്റിക്കും സംഘത്തിനും അപഹരിക്കുവാൻ അവസരം നൽകിയിട്ടില്ല.
ദേവസ്വം ബോർഡിന് ഒരു നഷ്ട്ടവും വരുത്തിയിട്ടില്ല.
ആരേയും സഹായിക്കാനും ശ്രമിച്ചിട്ടില്ല.

പിന്നെന്തിനാണ് ഈ ബോർഡിനേയും നിരപരാധികളായ ഉദ്യോഗസ്ഥൻമാരേയും കൂടി പ്രതിപട്ടികയിൽപ്പെടുത്താൻ ചില മാധ്യമങ്ങൾ ബോധപൂർവ്വം ശ്രമിക്കുന്നതെന്ന് മനസ്സിലാകുന്നില്ല.

ഇത്തരം കാര്യങ്ങളെക്കുറിച്ച് ബഹു: ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ SIT അന്വേഷണം നടക്കുകയല്ലേ അന്വെഷണം കഴിയുന്നത് വരെയെങ്കിലും ഇത്തരം വാസ്തവ വിരുദ്ധമായ വാർത്തകൾ മെനയുന്നതിൽ നിന്നും ചില മാധ്യമങ്ങൾ പിൻ വാങ്ങണമെന്നും പ്രശാന്ത് അഭ്യർഥിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K