17 January, 2026 09:08:10 AM


തവാങിലെ തടാകത്തിലൂടെ നടക്കുന്നതിനിടെ കൊല്ലം സ്വദേശി മുങ്ങി മരിച്ചു; മലപ്പുറം സ്വദേശിയെ കാണാതായി



തവാങ്: അരുണാചല്‍ പ്രദേശിലേക്ക് വിനോദയാത്രപോയ എഴംഗ മലയാളിസംഘം അപകടത്തില്‍പ്പെട്ടു. അരുണാചല്‍ പ്രദേശില്‍ തവാങ് ജില്ലയിലെ സേല തടാകത്തില്‍ വെള്ളിയാഴ്ചയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഒരാള്‍ മരിച്ചു. മറ്റൊരാളെ കാണാതായി. നെടുമ്പന പുത്തന്‍ചന്ത മേലൂട്ട് വീട്ടില്‍ പ്രകാശിന്റെയും മഞ്ജുവിന്റെയും മകന്‍ വിനു പ്രകാശ് (26) ആണ് മരിച്ചത്. വള്ളിക്കുന്ന് അരിയല്ലൂര്‍ സ്വദേശി മാധവിനെയാണ് കാണാതായത്.

ഐസ് പാളികള്‍ മൂടിയ സേല തടാകത്തിന് മുകളിലൂടെ നടന്നപ്പോള്‍ പാളികള്‍ തകര്‍ന്ന് താഴേക്ക് പതിക്കുകയായിരുന്നുവെന്നാണ് വിവരം. തടാകത്തിലേക്ക് ഇറങ്ങരുതെന്ന മുന്നറിയിപ്പ് അവഗണിച്ചാണ് സംഘം ഇറങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. അപകടം നടന്നയുടന്‍ സൈന്യവും പൊലീസും ചേര്‍ന്ന് അഞ്ചുപേരെ രക്ഷപ്പെടുത്തി.

താപനില മൈനസ് ഡിഗ്രിയില്‍ ഉള്‍പ്പെടെ കാലാവസ്ഥ പ്രതികൂല സാഹചര്യമായതിനാല്‍ വെള്ളിയാഴ്ച വൈകിട്ടോടെ കാണാതെയായയാള്‍ക്കുള്ള തിരച്ചില്‍ നിര്‍ത്തിവച്ചു. ബുധനാഴ്ച നെടുമ്പാശേരിയില്‍നിന്നാണ് സംഘം യാത്ര തിരിച്ചത്. 23ന് തിരിച്ചുവരാവുന്ന രീതിയിലാണ് യാത്ര നിശ്ചയിച്ചിരുന്നത്. കൊട്ടിയത്തെ ടൊയോട്ട മോട്ടേഴ്‌സില്‍ ജീവനക്കാരനാണ് മരിച്ച വിനു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K