18 January, 2026 06:18:11 PM


ബസില്‍ ലൈംഗിക അതിക്രമമെന്ന പേരില്‍ വീഡിയോ പ്രചരിച്ചു; യുവാവ് ജീവനൊടുക്കി



കോഴിക്കോട്: സാമൂഹ്യ മാധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കി. ഗോവിന്ദപുരം സ്വദേശി ദീപക് (40) ആണ് മരിച്ചത്. ദീപക്ക് ബസിൽ വച്ച് യുവതിയുടെ നേരെ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണം ഉണ്ടായിരുന്നു. ഇതിന് പിന്നാലെ ദീപക് വലിയ മാനസിക സമ്മർദത്തിലായിരുന്നെന്ന് കുടുംബം പറയുന്നു. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ദീപക്കിൻ്റെ മൃതദേഹം വീട്ടിലെത്തിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച കണ്ണൂരിലേക്കുള്ള യാത്രക്കിടെ ബസിൽവെച്ച് ദീപക് അപമര്യാദയായി പെരുമാറിയെന്നായിരുന്നു യുവതിയുടെ പരാതി. ദുരുദ്ദേശത്തോടെ യുവാവ് ശരീരത്തിൽ സ്പർശിച്ചെന്ന് കാണിച്ച് വടകര പൊലീസിൽ പരാതിയും നൽകിയിരുന്നു.

പിന്നാലെ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് യുവതി ദീപകിനെതിരെ സമൂഹമാധ്യമത്തിൽ വീഡിയോ പങ്കുവച്ചിരുന്നു. ഇത് വലിയ രീതിയിൽ പ്രചരിച്ചു. 20 ലക്ഷത്തിലേറെ പേരാണ് വീഡിയോ കണ്ടത്. നിരവധിയാളുകൾ ഇത് പങ്കുവയ്ക്കുകയും ചെയ്തു.

വീഡിയോ വൈറലായതോടെ ദീപക്ക് കടുത്ത മാനസിക സമ്മർദത്തിലായിരുന്നു എന്ന് കുടുംബം പറയുന്നു. സമൂഹമാധ്യമങ്ങളിൽ റീച്ച് കൂട്ടുക എന്ന നിലയിലാണ് പെൺകുട്ടി വീഡിയോ ചിത്രീകരിച്ചതെന്നും ദീപകിന്റെ കുടുംബം ആരോപിക്കുന്നു. ഇതിനു പിന്നാലെയാണ് ദീപക് ജീവനൊടുക്കിയത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K