31 January, 2026 04:02:30 PM
കോട്ടാങ്ങലിൽ നഴ്സിനെ ബലാത്സംഗം ചെയ്ത് കെട്ടിത്തൂക്കി കൊന്നു; പ്രതി നസീറിന് ജീവപര്യന്തം

പത്തനംതിട്ട: കോട്ടാങ്ങലിൽ നഴ്സിനെ ബലാത്സംഗം ചെയ്ത് ജീവനോടെ കെട്ടിത്തൂക്കി കൊന്ന കേസിൽ പ്രതി നസീറിന് ജീവപര്യന്തം തടവ് ശിക്ഷ. ബലാത്സംഗത്തിന് 10 വർഷവും, വീട്ടിൽ അതിക്രമിച്ചു കയറിയതിന് ഏഴുവർഷവും ശിക്ഷയും വിധിച്ചു. ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. 2019 ഡിസംബർ 15 നടന്ന കൊലപാതകത്തിൽ 20 മാസങ്ങൾക്കു ശേഷം ആയിരുന്നു ക്രൈം ബ്രാഞ്ച് യഥാർത്ഥ പ്രതിയെ അറസ്റ്റ് ചെയ്തത്. തടി കച്ചവടക്കാരനായ നസീർ വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് ടിഞ്ചുവിനെ ബലാത്സംഗം ചെയ്തശേഷം ജീവനോടെ കെട്ടി തൂക്കുകയായിരുന്നു.
യുവതിയുടെ ജീവിതപങ്കാളിയായിരുന്ന ടിജിനെ പ്രതിയെന്ന് സംശയിച്ച് പോലീസ് ക്രൂരമായി തല്ലിച്ചതച്ചതും വിവാദമായിരുന്നു. ഭർത്താവുമായി പിണങ്ങി സ്കൂൾ കാലത്തെ കാമുകനായ ടിജിനൊപ്പം, ടിഞ്ചു ജീവിക്കുമ്പോൾ ആയിരുന്നു കൊലപാതകം. തടിക്കച്ചവടക്കാരനായ നസീര്‍ വീട്ടില്‍ ആരുമില്ലെന്ന് കണ്ട് ടിഞ്ചുവിനെ ഉപദ്രവിക്കുകയായിരുന്നു. തടി വാങ്ങുന്നതിനായാണ് നസീര്‍ വീട്ടിലെത്തിയത്. ടിഞ്ചുവിനെ നസീര്‍ വീട്ടില്‍ക്കയറി ബലാല്‍സംഗത്തിനിരയാക്കിയശേഷം കൊലപ്പെടുത്തി. കട്ടിലില്‍ തലയിടിപ്പിച്ച് അബോധാവസ്ഥയിലാക്കി കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നു.
ലോക്കല്‍ പോലിസ് ആത്മഹത്യയാണെന്ന് കരുതിയ കേസ് ടിഞ്ചുവിന്റെ സുഹൃത്ത് ടിജിന്റെ പരാതിയില്‍ 2020 ഫെബ്രുവരിയില്‍ ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. 2019 ഡിസംബര്‍ 15 നടന്ന സംഭവത്തില്‍ 2021 ഒക്ടോബറിലാണ് പ്രതി കോട്ടാങ്ങല്‍ പുളിമൂട്ടില്‍ വീട്ടില്‍ നസീര്‍ പിടിയിലാകുന്നത്.





