08 March, 2026 03:26:48 PM
ഹോസ്റ്റലില്‍ സഹപാഠികളെ ഇരുമ്പുവടി കൊണ്ട് ആക്രമിച്ച് വിദ്യാർഥി; ഒരാൾ കൊല്ലപ്പെട്ടു

കർണാടക: ഒമ്പതാം ക്ലാസുകാരന്റെ ഇരുമ്പുവടി കൊണ്ടുള്ള മർദനമേറ്റ് സഹപാഠി കൊല്ലപ്പെട്ടു. ബെല്ലാരി ഗുരുകുല റെസിഡൻഷ്യൽ സ്കൂൾ ഹോസ്റ്റലിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. ഒമ്പതാം ക്ലാസ് വിദ്യാർത്ഥി സഹപാഠികളെയും വാർഡനെയും ഇരുമ്പ് ദണ്ഡ് കൊണ്ട് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ലക്ഷ്മികാന്ത് എന്ന വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ ഏഴ് വിദ്യാർത്ഥികളെയും ഹോസ്റ്റൽ വാർഡനെയും ബള്ളാരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലും അടുത്തുള്ള ട്രോമ കെയർ സെന്ററിലും പ്രവേശിപ്പിച്ചു.
രാത്രി ഭക്ഷണത്തിന് ശേഷം കുട്ടികൾ ഉറങ്ങാൻ കിടന്ന സമയത്താണ് ആക്രമണമുണ്ടായത്. തന്റെ കട്ടിലിൽ നിന്നും ഇളക്കിയെടുത്ത ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് പ്രതിയായ വിദ്യാർത്ഥി ഉറങ്ങിക്കിടന്ന മറ്റുള്ളവരെ മർദ്ദിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ആക്രമണത്തിന് ശേഷം പ്രതിയായ വിദ്യാർത്ഥി ഹോസ്റ്റലിൽ നിന്നും ഓടി രക്ഷപ്പെട്ടു. ആക്രമണത്തിനുള്ള കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
ഹോസ്റ്റൽ അധികൃതരുടെ വീഴ്ചയാണ് മകന്റെ മരണത്തിന് കാരണമായതെന്ന് ലക്ഷ്മികാന്തിന്റെ പിതാവ് ആരോപിച്ചു. രാത്രി 11:30 ഓടെയാണ് വിവരം ലഭിച്ചതെന്നും ഹോസ്റ്റലിൽ കൃത്യമായ മേൽനോട്ടം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിയായ വിദ്യാർത്ഥി മാനസികാസ്വാസ്ഥ്യം നേരിടുന്ന ആളാണോ അതോ ലഹരിമരുന്നിന് അടിമയാണോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ ബ്രൂസ്‌പേട്ട് പോലീസ് കേസെടുത്ത് ഒളിവിൽ പോയ വിദ്യാർത്ഥിക്കായി തിരച്ചിൽ ആരംഭിച്ചു. ഹോസ്റ്റലിലെ മറ്റ് ജീവനക്കാരെയും കുട്ടികളെയും പോലീസ് ചോദ്യം ചെയ്തു വരികയാണ്.





