30 January, 2026 02:10:44 PM
പ്രണയം എതിര്‍ത്തു; മാതാപിതാക്കളെ മകൾ വിഷം കുത്തിവെച്ച് കൊന്നു

ഹൈദരബാദ്: തെലങ്കാനയില്‍ പ്രണയം എതിര്‍ത്തതിന് നഴ്‌സായ മകള്‍ അച്ഛനെയും അമ്മയെയും വിഷം കുത്തിവച്ച് കൊലപ്പെടുത്തി. ദശരഥന്‍, ലക്ഷ്മി എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട വിക്രാബാദില്‍ നഴ്‌സായ മകള്‍ സുരേഖയെ പൊലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയില്‍ നിന്ന് മോഷ്ടിച്ച അനസ്തീസിയ മരുന്ന് ഓവര്‍ഡോസില്‍ കുത്തിവച്ചാണ് കൊലപ്പെടുത്തിയത്.
സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവാവുമായി സുരേഖ പ്രണയത്തിലായിരുന്നു. യുവാവ് ഇതരജാതിയില്‍പ്പെട്ട ആളായതുകൊണ്ട് വീട്ടുകാര്‍ ബന്ധം എതിര്‍ത്തു. ഇതേതുടര്‍ന്ന് വീട്ടില്‍ വഴക്ക് നിരന്തരമായി. തുടര്‍ന്ന് മാതാപിതാക്കളെ കൊലപ്പെടുത്താന്‍ സുരേഖ ആസുത്രണം ഒരുക്കുകയായിരുന്നു. തന്റെ നഴ്സിംഗ് വൈദഗ്ധ്യം ഉപയോഗിച്ചാല്‍ ആര്‍ക്കും സംശയം തോന്നില്ലെന്ന് കരുതിയാണ് സുരേഖ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറയുന്നു. ജനുവരി 24-ന് രാത്രി, ദേഹവേദനയ്ക്കുള്ള മരുന്നാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് സുരേഖ മാതാപിതാക്കള്‍ക്ക് അമിതമായ അളവില്‍ മരുന്ന് കുത്തിവെക്കുകയായിരുന്നു.
കുത്തിവെപ്പിന് പിന്നാലെ ഇരുവരും അബോധാവസ്ഥയിലായി. തുടര്‍ന്ന് സുരേഖ തന്നെ സഹോദരനെ വിവരമറിയിക്കുകയും അവര്‍ മാതാപിതാക്കളെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ ആശുപത്രിയിലെത്തും മുമ്പേ ഇരുവരും മരിച്ചിരുന്നു. വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഉപയോഗിച്ച സിറിഞ്ചുകളും മറ്റ് മെഡിക്കല്‍ സാമഗ്രികളും പൊലീസ് കണ്ടെടുത്തതോടെയാണ് സംശയം ഉയര്‍ന്നത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ സുരേഖയുടെ പങ്ക് വ്യക്തമായതോടെ പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പ്രതി കുറ്റംസമ്മതിച്ചതായി പൊലിസ് പറഞ്ഞു.





