12 July, 2026 09:02:58 PM


കള്ളാടി മണ്ണിടിച്ചില്‍: മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും നിര്‍മ്മാണ കമ്പനി നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി



മേപ്പാടി: വയനാട് കള്ളാടിയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ മരിക്കുകയും പരിക്കേറ്റവര്‍ക്കും നിര്‍മ്മാണ കമ്പനിയായ ദിലീപ് ബില്‍ഡ്‌കോണ്‍ നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി ടി സിദ്ദിഖ്. മരിച്ച ഏഴ് പേര്‍ക്ക് ആറ് ലക്ഷം രൂപയായിരിക്കും അടിയന്തര സഹായമായി നല്‍കുക. കരാര്‍ തൊഴിലാളി അല്‍മോന് അഞ്ച് ലക്ഷം രൂപ നല്‍കുമെന്നും മന്ത്രി അറിയിച്ചു. പരിക്കേറ്റ ഒന്‍പത് പേരില്‍ ആറ് പേര്‍ക്ക് രണ്ടര ലക്ഷം രൂപ അടിയന്തര സഹായം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. മാധ്യമങ്ങളോടായിരുന്നു മന്ത്രിയുടെ പ്രതികരണം.

ഗുരുതരാവസ്ഥയില്‍ കഴിയുന്ന മൂന്ന് പേര്‍ക്ക് രണ്ടര ലക്ഷത്തില്‍ കൂടുതല്‍ തുക നല്‍കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മണ്ണിടിച്ചിലില്‍ അടിഞ്ഞുകൂടിയ മണ്ണ് മാറ്റാന്‍ കമ്പനിക്ക് നിര്‍ദ്ദേശം നല്‍കി. സ്‌കൂള്‍ അടക്കം അവശ്യ സര്‍വീസുകള്‍ക്കുള്ള വാഹന ഗതാഗതം മീനാക്ഷി പാലത്തിലൂടെ അനുവദിക്കും. പാലത്തിന്റെ ബലക്ഷയം പരിശോധിക്കാന്‍ പിഡബ്ല്യുഡിയെ ചുമതലപ്പെടുത്തിയെന്നും മന്ത്രി അറിയിച്ചു.

കള്ളാടി മണ്ണിടിച്ചില്‍ അപകടത്തില്‍പ്പെട്ട ഒരാളുടെ മൃതദേഹം കൂടി ഇന്ന് കണ്ടെടുത്തിരുന്നു. മീനാക്ഷി പുഴയില്‍ നിന്നായിരുന്നു മൃതദേഹം കണ്ടെത്തിയത്. കമ്പനി മാനേജരായിരുന്ന ഹിമാചല്‍പ്രദേശ് സ്വദേശി വിക്രം റാണയുടെ മൃതദേഹമാണിതെന്ന് തിരിച്ചറിഞ്ഞു. ഇതോടെ അപകടത്തില്‍പ്പെട്ട എട്ട് പേരും മരിച്ചതായി സ്ഥിരീകരിച്ചു. വിക്രം റാണയുടെ ബന്ധുക്കള്‍ കഴിഞ്ഞ കുറച്ചുദിവസമായി കള്ളാടിയില്‍ ഉണ്ടായിരുന്നു. മൃതദേഹം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 305