04 July, 2026 09:57:29 AM
അടിമാലിയിൽ ദുരന്തബാധിതരുടെ സമരപന്തലിന് സമീപം കല്ലും മണ്ണും പതിച്ചു

ഇടുക്കി: അടിമാലി മണ്ണിടിച്ചില്‍ ദുരന്തബാധിതരുടെ സമരപന്തലിന് സമീപം ദേശീയ പാതയിലേക്ക് കല്ലും മണ്ണും പതിച്ചു. രാത്രിയിലെ കനത്ത മഴയിലാണ് സംഭവം. അപകടാവസ്ഥയിലുള്ള മണ്‍തിട്ടക്ക് താഴെയാണ് ദുരന്ത ബാധിതര്‍ സമരം ചെയ്യുന്നത്. ആരും തിരിഞ്ഞ് നോക്കിയില്ലെന്ന് സമരക്കാര്‍ ആരോപിച്ചു.
സമരപന്തലില്‍ ഉറങ്ങുന്നതിനിടെ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് ദേശീയ പാതയിലേക്ക് കല്ലും മണ്ണും പതിച്ചതായി കണ്ടത്. ഉടന്‍ ഉദ്യോഗസ്ഥരെ അറിയിച്ചില്ലെങ്കിലും തിരിഞ്ഞുനോക്കിയില്ലെന്ന് സമരക്കാര്‍ ആരോപിച്ചു. ഇന്നലെയും സമരക്കാര്‍ ദേവികുളം എംഎല്‍എയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയെങ്കിലും കൃത്യമായ ഉറപ്പ് ലഭിക്കാത്തതിനാല്‍ സമരം തുടരുകയായിരുന്നു.
എംഎല്‍എക്കെതിരെ രൂക്ഷവിമര്‍ശനവുമായി സമരക്കാര്‍ രംഗത്തെത്തി. വാക്കാല്‍ എന്തെങ്കിലും പറഞ്ഞിട്ട് കാര്യമില്ലെന്നും ഉറപ്പുലഭിക്കാതെ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്നും ദുരന്തബാധിതര്‍ പറഞ്ഞു. കഴിഞ്ഞദിവസം ശക്തമായ കാറ്റിലും മഴയിലും സമരപന്തല്‍ ഭാഗികമായി തകര്‍ന്നിരുന്നു.







