27 May, 2026 04:45:57 PM


ഒന്നും കിട്ടിയില്ലെന്ന് എഴുതി നൽകി; റെയ്ഡ് പൂർത്തിയാക്കി ഇഡി മടങ്ങി



തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിലെ റെയ്ഡ് അവസാനിപ്പിച്ച് ഇഡി. മുൻ മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വസതിയിലെയും പരിശോധന കഴിഞ്ഞ് ഇഡി മടങ്ങി. പിണറായിയുടെ വീട്ടിൽ റെയ്‌ഡ്‌ തുടങ്ങിയത് 8.30നാണ്. പരിശോധനയിൽ കേസുമായി ബന്ധപ്പെട്ട ഒരു രേഖകളും കിട്ടിയില്ലെന്നു മഹസറിൽ പറയുന്നു.

പിണറായി വിജയൻ്റെ കണ്ണൂരിലെ വീട്ടിൽ നിന്ന് ഒന്നും കിട്ടിയില്ലെന്ന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. യാതൊരു രേഖകളും കണ്ണൂരിലെ പിണറായിയുടെ വീട്ടിൽ നിന്നും കൊണ്ടുപോകുന്നില്ല എന്ന് ഉദ്യോഗസ്ഥർ എഴുതി നൽകിയതായി എം.വി. ജയരാജൻ അറിയിച്ചു. വീട്ടുകാർ ഇല്ലാത്തതിനാൽ എം.വി. ജയരാജനാണ് രേഖയിൽ ഒപ്പിട്ട് നൽകിയത്.

കണ്ണൂരിലെ പിണറായിയുടെ വീട്ടിൽ നിന്ന് പുറത്തിറങ്ങിയ ഇഡി ഉദ്യോഗസ്ഥരെ സിപിഐഎം പ്രവർത്തകർ കൂകിവിളിച്ചു. കണ്ണൂരിൽ ഉദ്യോ​ഗസ്ഥർക്ക് പ്രവർത്തകരുടെ പ്രതിഷേധം മൂലം മടങ്ങാൻ കഴിയുന്നില്ലായിരുന്നു. ജില്ലയിലെ നേതാക്കളോട് ഉദ്യോ​ഗസ്ഥർക്ക് മടങ്ങാനുള്ള വഴി ഒരുക്കണമെന്ന് ആവശ്യപ്പെട്ടു.

വീടിന് മുന്നിൽ വൻ പ്രതിഷേധമായിരുന്നു സിപിഐഎം പ്രവർത്തകർ നടത്തിയിരുന്നത്. ഇഡി റെയ്ഡിനെതിരെ കണ്ണൂരിലെ വീടിന് മുന്നിലാണ് പ്രതിഷേധം ആദ്യം ആരംഭിച്ചത്. പിന്നീട് സംസ്ഥാന വ്യാപക പ്രതിഷേധവുമായി സിപിഐഎം രം​ഗത്തെത്തുകയായിരുന്നു.

നടന്നത് സംഘപരിവാറിന്റെ രാഷ്ട്രീയ വേട്ടയെന്ന് മുഹമ്മദ് റിയാസ് എംഎൽഎ പ്രതികരിച്ചു. ഇഡിയല്ല അതിനേക്കാൾ വലിയ ഡി വന്നാലും പേടിയില്ല. സിപിഐഎമ്മിൽ പ്രവർത്തിക്കുന്നത് മന്ത്രിയാകുമോ എംഎൽഎ ആകുമോ എന്ന് നോക്കിയല്ല. എന്നാൽ ഇത്തരം ഭീഷണികൾ നേരിടേണ്ടി വരുമെന്ന് ഉറപ്പായിരുന്നു. ഇത്തരം സംഗതി കാണിച്ച് പേടിപ്പിക്കാൻ നോക്കണ്ട. തല പോയാലും മതനിരപേക്ഷതയ്ക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും റിയാസ് പറഞ്ഞു. കോഴിക്കോട്ടെ വീട്ടിലെത്തിയായിരുന്നു റിയാസിൻ്റെ പ്രതികരണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K