03 September, 2026 09:44:54 AM
അശ്ലീല ദൃശ്യം വാട്സാപ് സ്റ്റാറ്റസ്; പൊലീസ് ഉദ്യോഗസ്ഥനു സസ്പെൻഷൻ

അടൂർ: വാട്സാപ്പിൽ അശ്ലീല ദൃശ്യം സ്റ്റാറ്റസായി പോസ്റ്റ് ചെയ്ത സംഭവം വിവാദമായതിനെ തുടർന്ന് അടൂർ ആംഡ് പോലീസ് മൂന്നാം ബറ്റാലിയൻ ക്യാംപിലെ ഹവിൽദാറിന് സസ്പെൻഷൻ. പോലീസ് അസോസിയേഷൻ മുൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി കൂടിയായ സഞ്ജു കൃഷ്ണനെയാണ് സസ്പെൻഡ് ചെയ്തത്. പെരുമാറ്റദൂഷ്യം, പോലീസ് സേനയുടെ അന്തസ്സിന് കളങ്കമുണ്ടാക്കൽ, ഗുരുതരമായ അച്ചടക്കലംഘനം എന്നിവ തെളിഞ്ഞതിന്റെ അടിസ്ഥാനത്തിൽ കമൻഡാന്റ് മനോജ് കെ. നായരാണ് സസ്പെൻഷൻ നടപടി സ്വീകരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. സഞ്ജു കൃഷ്ണൻ വാട്സാപ്പിൽ അശ്ലീല വീഡിയോ സ്റ്റാറ്റസായി പോസ്റ്റ് ചെയ്യുകയായിരുന്നു. ശേഷം വൈകീട്ടോടെ ദൃശ്യം നീക്കം ചെയ്യുകയും, തുടർന്ന് തെറ്റ് പറ്റിയതാണെന്ന് വ്യക്തമാക്കി ക്ഷമാപണ സ്റ്റാറ്റസ് പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, ഇതിന്റെ സ്ക്രീൻഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി തുടങ്ങിയതോടെയാണ് അധികൃതർ നടപടിയെടുത്തത്.







